തടാകങ്ങളുടെ താഴ്‌വരയിലൂടെ
മകന്‍ ഡല്‍ഹി എന്‍.ഐ.ടിയിലെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി എല്‍.ആന്റ്.ടി. കമ്പനിയുടെ ഉദയ്പൂര്‍ ഓഫീസില്‍ ജോലി തുടങ്ങിയതുമുതലാണ് തടാകങ്ങളുടെ നഗരം കാണണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്.


തടാകങ്ങളുടെ താഴ്‌വരയിലൂടെ - 1
രാജസ്ഥാനിലെ ഉദയ്പൂര്‍ തടാകങ്ങളുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ നഗരവല്‍ക്കരണത്തിന്റെ കാര്യമായ ലക്ഷണങ്ങളൊന്നുമില്ലാത്ത, പടുകൂറ്റന്‍ കെട്ടിടങ്ങളോ ജനത്തിരക്കോ ഒട്ടും അനുഭവപ്പെടാത്ത ഈ പ്രദേശത്തെ തടാകങ്ങളുടെ താഴ്‌വര എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഗ്രാമജീവിതത്തിന്റെ നിര്‍മലമായ മനോഹര ദൃശ്യങ്ങളാണ് ഈ താഴ്‌വരയുടെ പ്രകൃതിക്ക് ഭംഗിക്ക് മാറ്റുകൂട്ടുന്നത്. തടാകങ്ങളുടെ പ്രശാന്തമായ പശ്ചാത്തലത്തിലെ സൂര്യോദയം ഇവിടുത്തെ സുപ്രധാനമായ കാഴ്ചയായതിനാല്‍ സുപ്രഭാതത്തിന്റെ നഗരമെന്നും ഉദയ്പൂരിനെ വിശേഷിപ്പിക്കാറുണ്ട്. അനുരാഗവും പ്രണയവും കൂടിച്ചേരുന്ന സമ്മിശ്രമായ വൈകാരിക തികവോടെ നഗരമുണരുമ്പോള്‍ കവികള്‍ക്കും കലാകാരന്മാര്‍ക്കും മാത്രമല്ല ആബാലവൃദ്ധം ജനങ്ങള്‍ക്കും ആസ്വാദന വൈവിധ്യത്തിന്റെ മാധുര്യമാണ് അനുഭവപ്പെടുക.
ഇന്ത്യക്ക് പുറമേ അമേരിക്ക, യൂറോപ്യന്‍ നാടുകള്‍, ഇംഗ്‌ളണ്ട്, മലേഷ്യ തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മ നിരീക്ഷണ പാഠവം കൊണ്ട് വിസമയിപ്പിക്കുന്ന യാത്ര കുതുകിയായ ഭാര്യാ മാതാവും ഈ യാത്രയിലുണ്ടായിരുന്നു എന്നത് യാത്ര കൂടുതല്‍ സജീവമാക്കി. പ്രായം എണ്‍പത് പിന്നിട്ടെങ്കിലും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവര്‍ ഓരോ കാര്യങ്ങളും നിരീക്ഷിക്കുകയും ചോദിച്ച് മനസ്സിലാക്കുകയും ചെയ്തത് യാത്ര ഏറെ വൈജ്ഞാനിക പ്രാധാന്യമുള്ളതാക്കുകയായിരുന്നു. രജപുത്രരുടെ ഇതിഹാസ ചരിത്രവും സംഘര്‍ഷഭരിതമായ നാള്‍വഴികളുമൊക്കെ ചര്‍ച്ചയിലും വിശകലനത്തിലും കടന്നുവന്നത് സ്വാഭാവികം. ദിവസങ്ങള്‍ പോയതറിയാതെ ചരിത്രത്തിന്റെ താളുകളിലൂടെ ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചപ്പോള്‍ അവാച്യമായ അനുഭൂതിയും സായൂജ്യവുമാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്.
യാത്ര ഏറെ അനുഭവപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന ഒരു വിനോദമാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ അഭൂതപൂര്‍വമായ വളര്‍ച്ചയും പുരോഗതിയും യാത്ര അനായാസവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തെത്തുവാന്‍ ഇന്ന് മനുഷ്യന് സാധിക്കുന്നു. ഒരു പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യന് സങ്കല്‍പ്പിക്കുവാനോ വിഭാവനം ചെയ്യുവാനോ കഴിയാത്ത അത്രയും മികച്ച യാത്രാ സംവിധാനങ്ങളാണ് ആധുനിക മനുഷ്യനുള്ളത്. ടൂറിസം മനുഷ്യ സംസ്‌കാരവുമായും വികസനവുമായും ബന്ധപ്പെടുത്തി വികസിപ്പിക്കുമ്പോള്‍ മനുഷ്യന്റെ ചിന്തയിലും മനോഭാവത്തിലും മാത്രമല്ല നിലപാടുകളിലും കാഴ്ചപ്പാടുകളിലുമൊക്കെ വലിയ മാറ്റമുണ്ടായേക്കും. കണ്ണു തുറന്നു കാണാനും മുന്‍വിധികളില്ലാതെ കാര്യങ്ങളെ വിലയിരുത്താനും സഹായകമായ പ്രായോഗികമായ ഉള്‍കാഴ്ച്ചയും തിരിച്ചറിവുമാണ് യാത്രകള്‍ സമ്മാനിക്കേണ്ടത്.
മനുഷ്യ ജീവിതം തന്നെ ഒരു യാത്രയാണ്. തികച്ചും അനിശ്ചിതത്വം നിറഞ്ഞ യാത്ര. മുന്‍കൂട്ടി തിരക്കഥ ചിട്ടപ്പെടുത്താത്ത ഒരു ചലചിത്രം പോലെ കാലചക്രം നമ്മേയും കൊണ്ട് കറങ്ങുകയാണ്. ഈ കറക്കത്തിനിടയില്‍ നാമോരോരുത്തരും ഏതൊക്കെയോ ഭാഗങ്ങളിലെത്തുന്നു. നമ്മുടെ കൂടെ സ്‌ക്കൂളില്‍ പഠിച്ച പലരും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. നമ്മുടെ സ്വന്തം മക്കളും മരുമക്കളുമെല്ലാം പഠനത്തിനും ജോലിക്കും വ്യാപാരത്തിനുമൊക്കെയായി പല സ്ഥലങ്ങളില്‍ താമസമുറപ്പിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിനിടയിലും ഭൗതിക സുഖസൗകര്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഓട്ടത്തിനിടയിലും നമ്മുടെ നാടിന്റെ ചരിത്ര ഭൂമികളിലൂടെ സഞ്ചരിക്കുവാനും പാഠങ്ങളുള്‍ക്കൊള്ളുവാനും പാശ്ചാത്യരെപ്പോലെ മലയാളികള്‍ അധികമൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.
്ചരിത്ര വിസ്മയങ്ങളാല്‍ ധന്യമായ ഇന്ത്യന്‍ നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കുന്നതിന് പകരം പലപ്പോഴും കൃത്രിമ സുഖവാസ കേന്ദ്രങ്ങളും മനുഷ്യ നിര്‍മിത സംവിധാനങ്ങളും സന്ദര്‍ശിക്കുവാനാണ് അധികമാളുകളും താല്‍പര്യം കാണിക്കുന്നത്. ബിസിനസിന്റെ ഭാഗമായാണെങ്കിലും പല സ്ഥാപനങ്ങളും ഹൈദറാബാദ്, ഡല്‍ഹി, താജ് മഹല്‍ എന്നിവിടങ്ങളിലേക്കൊക്കെ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ഇത്തരം യാത്രകള്‍ വ്യാപകമാക്കണമെന്നാണ് സൂചിപ്പിക്കുന്നത്. ഒരാഴ്ച കൊണ്ട് വലിയ ചരിത്രപുസ്തകങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാതത്രയും കാര്യങ്ങള്‍ തൊട്ടറിയുവാന്‍ ഇത്തരം യാത്രകള്‍ ഉപകരിക്കുമെന്നതാണ് അനുഭവപാഠം.
ഓരോ കുടുംബങ്ങളും ഇന്ത്യയെ കണ്ടെത്താനുളള യാത്രകളില്‍ വ്യാപൃതരാവുന്നത് സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ വമ്പിച്ച മാറ്റത്തിന് കാരണമാകും. നാടിന്റെ ഇന്നലെകളും ചരിത്രസമൃതികളും കണ്ടറിയുന്നത് കൂടുതല്‍ കരുത്തോടെയും ചരിത്രബോധത്തോടെയും ജീവിക്കുവാനാണ് സഹായിക്കുക. നമ്മുടെ ചരിത്രപാരമ്പര്യങ്ങളില്‍ അഭിമാനം കൊള്ളുമ്പോള്‍ അവയുടെ കാലിക പ്രസക്തിയാണ് നാം അടയാളപ്പെടുത്തുന്നത്.
സഞ്ചാരങ്ങള്‍ മനുഷ്യ സംസ്‌കൃതിയുടെ പുരോഗതിയുടെ നിദര്‍ശനമാണ്. ആദി മനുഷ്യന്‍ തൊട്ട് സമകാലിക ലോകത്തും സഞ്ചാരങ്ങളാണ് മാനവ സംസ്‌കൃതിയുടെ ജീവിത താളത്തെ വെളിവാക്കുന്നത്. മാനവ ചരിത്രത്തില്‍ സ്വന്തം തന്നെ ഒരു സമൂഹം എന്ന വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍ ഇബ്രാഹീമിന്റെ പലായന ചരിത്രം സത്യ സംസ്‌കാരങ്ങളുടെ വെളിപ്പെടുത്തലുകളാണ്. മനുഷ്യ ചരിത്രത്തില്‍ നാഗരികതകളുടെ എല്ലാം മുറിച്ചുമുന്നേറ്റങ്ങളിലും സഞ്ചാരങ്ങളിലൂടെ മനുഷ്യന്‍ ആര്‍ജിച്ച പുത്തന്‍ അറിവുകളും സാംസ്‌കാരിക അവബോധങ്ങളും പുതിയ നൂറ്റാണ്ടുകളുടെ ഊര്‍ജ സ്രോതസ്സുകളാകുന്നു. സഞ്ചാരങ്ങള്‍ മനുഷ്യരെ പരസ്പരം ഇണക്കുകയും തനി നിറം മനസ്സിലാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ലോകചരിത്രത്തിലെ ഇതിഹാസങ്ങളും ക്‌ളാസിക്കുകളുമൊക്കെ സഞ്ചാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെടുത്തുന്നവയാണ്. ഇലിയഡും ഒഡീസിയും കാരമസോവ് സഹോദരരും പാവങ്ങളിലെ ഡി മെത്രാനുമെല്ലാം സഞ്ചാരങ്ങളിലൂടെ പുത്തന്‍ അനുഭവങ്ങളാണ് നമ്മോട് പങ്കുവെക്കുന്നത്.
നമ്മെ എന്നും വിസമയിപ്പിക്കുന്ന പല നാഗരികതകളുടേയും തുടക്കം യാത്രകളില്‍ നിന്നായിരുന്നു എന്ന തിരിച്ചറിവ് കൗതുകകരമാണ്. അതുകൊണ്ട് തന്നെ പണ്ടു മുതലേ മനുഷ്യന്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു. മെച്ചപ്പെട്ട താമസവും ഭക്ഷണവും തേടിയുള്ള ആദിമ മനുഷ്യന്റെ അലച്ചിലും കച്ചവടത്തിനായും കൃഷി യോഗ്യമായ പ്രദേശത്തിനായുമൊക്കെയുള്ള നിരന്തരമായ യാത്രകള്‍ മനുഷ്യ നാഗരികതയുടെ അവിസ്മരണീയമായ ഏടുകളാണ്. കുരുമുളകും സുഗന്ധ ദ്രവ്യങ്ങളും തേടിയുളള ഇംഗ്‌ളീഷുകാരുടേയും പോര്‍ച്ചുഗീസുകാരുടേയും യാത്രകളാണ് ഇന്ത്യയില്‍ സാമൂഹികമായും രാഷ്ട്രീയമായും ഏറെ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും വഴി മരുന്നിട്ട സാമ്രാജ്യത്യ ഭീകരതക്കും കൊളോണിയല്‍ വാഴ്ചക്കുമൊക്കെ വഴിയൊരുക്കിയെന്നത് ചരിത്രം.
മൂത്ത മകന്‍ ഡല്‍ഹി എന്‍.ഐ.ടിയിലെ പഠനം വിജയകരമായി പൂര്‍ത്തിയാക്കി എല്‍.ആന്റ്.ടി. കമ്പനിയുടെ ഉദയ്പൂര്‍ ഓഫീസില്‍ ജോലി തുടങ്ങിയതുമുതലാണ് തടാകങ്ങളുടെ നഗരം കാണണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. മാര്‍ച്ച് മാസം കഠിനചൂടില്‍ കേരളം വിയര്‍ത്തോലിച്ചപ്പോഴാണ് രാജസ്ഥാനിലെ കാശ്മീര്‍ എന്നും കിഴക്കിന്റെ വെനീസ് എന്നുമൊക്കെ അറിയപ്പെടുന്ന ഉദയ്പൂരിലെ മനോഹരമായ കാഴ്ചകളും അന്തരീക്ഷവും തേടി ഞങ്ങള്‍ എത്തിയത്. രാജസ്ഥാന്‍ മരുഭൂമിയുടെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം പക്ഷേ മനസിനും ശരീരത്തിനും കുളിരുപെയ്യുന്ന അനുഭൂതിയാണ് സമ്മാനിച്ചത്. ഡല്‍ഹിയില്‍ നിന്നും ഉദൈപൂര്‍ വിമാനതാവളത്തില്‍ ഇറങ്ങുമ്പോള്‍ താപ നില 20 ഡിഗ്രിയായിരുന്നു.
അന്താരാഷ്ട വിമാനങ്ങളൊന്നുമിറങ്ങാത്ത ഒരു ചെറിയ വിമാനതാവളം. വര്‍ഷം തോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എത്താറുള്ള ഈ നഗരവും പരിസരങ്ങളും പക്ഷേ ടൂറിസവുമായി ബന്ധപ്പെട്ട കെടുതികളില്‍ നിന്നും ഏറെക്കുറേ മുക്തമാണ്. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ പ്രാദേശിക ഗവണ്‍മെന്റുകള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് തോന്നിയത്. പല കോര്‍പറേറ്റ് ഹോട്ടല്‍ ശൃംഖലകള്‍ അവരുടെ ബിസിനസ് ശ്രദ്ധിക്കുന്നുവെന്നതൊഴിച്ചാല്‍ പ്രൊഫഷണല്‍ ടൂറിസം സംവിധാനങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്. തടാകങ്ങളിലെ യാത്രയും ചുറ്റുമുള്ള ഗതാഗത സൗകര്യങ്ങളുമൊക്കെ അന്താരാഷ്ട സുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് വികസനം നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ മൊത്തം മുഖഛായ മാറ്റാനാകും.
ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാന്റെ തെക്ക് ഭാഗത്തു ആരവല്ലി പര്‍വതത്തിലാണ് ഉദൈപൂര്‍. വിമാനതാവളത്തില്‍ നിന്നും ഏകദേശം നാല്‍പതുമിനിറ്റുകൊണ്ട് ഉദയ്പൂരിലെത്താം. ആരവല്ലി പര്‍വത നിരകള്‍ ശരിക്കും മൊട്ടക്കുന്നുകള്‍ പോലെയാണ്. അതി പ്രാചീന കാലത്ത് നല്ല ഉയരമുണ്ടായിരുന്ന ആരവല്ലി പര്‍വത നിരകള്‍ മണ്ണൊലിപ്പും കാലാവസ്ഥ മാറ്റങ്ങളും കാരണം ഇപ്പൊ ഈ പരുവത്തില്‍ ആയി എന്നാണു ഭൗമ ശാസ്ത്രഞ്ജര്‍ പറയുന്നത്. മാത്രവുമല്ല പുള്ളി ഇങ്ങനെ തെക്ക് പടിഞ്ഞാറു നിന്നു വടക്ക് കിഴക്കോട്ടു ചരിഞ്ഞ് കിടക്കുന്നതിനാലാണ് രാജസ്ഥാന്‍ ഒരു മരുഭൂമിയായി ആയി പോയതെന്നും ഒരു വാദമുണ്ട്. ലൂണി, സബര്‍മതി നദികളുടെ ഉത്ഭവ സ്ഥാനമായ ആരവല്ലി നിരകള്‍ ഇന്ത്യാ ചരിത്രത്തില്‍ ഒരു പാട് സംഭവ വികാസങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഉദൈപൂരില്‍ ക്‌ളബ്ബ് മഹീന്ദ്രയുടെ മനോഹരമായ റിസോര്‍ട്ടിലാണ് ഞങ്ങള്‍ താമസിച്ചത്. ഒരു ചെറിയ കുന്നില്‍ മനോഹരമായി ഡിസൈന്‍ ചെയ്ത ആഡംബര റിസോര്‍ട്ട്. ചുറ്റും പുല്‍തകിടുകളാല്‍ അലങ്കരിച്ചിരിക്കുന്നു. വിശാലമായ നീന്തല്‍കുളവും സ്പാ സൗകര്യങ്ങളും എല്ലാ വിഭാഗം ആളുകള്‍ക്കും അനുയോജ്യമായ ഭക്ഷണ സംവിധാനവും ഈ റിസോര്‍ട്ടിന്റെ സവിശേഷതയാണ്. അത്യാധുനിക സൗകര്യങ്ങളോടെ സംവിധാനിച്ച ഈ റിസോര്‍ട്ടില്‍ എണ്‍പതോളം റൂമുകളാണുള്ളത്. പരമ്പരാഗത രാജസ്ഥാനി വേഷമണിയിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് റിസോര്‍ട്ട് ഞങ്ങളെ സ്വീകരിച്ചത്. പരമ്പരാഗത വരവേല്‍പും ഫോട്ടോ ഷൂട്ടുമൊക്കെ അവിസ്മരണീയമായിരുന്നു. പാരമ്പര്യത്തിന്റെ ഗരിമയും രാജകീയതയും വിളിച്ചറിയുന്ന രാജസ്ഥാനി വേഷത്തിലും ചരിത്രത്തിലെ അമൂല്യമായ ചില പാഠങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. റിസോര്‍ട്ട് ജീവനക്കാരുടെ സ്‌നേഹമസൃണമായ പെരുമാറ്റവും ഒത്താശകളും യാത്രയും താമസവും ഏറെ ഹൃദ്യമാക്കി.
രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നെങ്കിലും ഉദയ്പൂരില്‍ ഇതിന്റെ ഒരു ലക്ഷണവും കാണാനില്ലായിരുന്നു. ഫ്‌ളക്‌സുകളോ പോസ്റ്ററുകളോ ഇല്ല. രാഷ്ട്രീയ ചര്‍ച്ചകളോ പൊതുയോഗങ്ങളോ ഒരിടത്തും കാണാനായില്ല. തടാകങ്ങളാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ മുതല്‍കൂട്ടെങ്കിലും കാര്യമായ കൃഷികളൊന്നും ഇവിടെ കണ്ടില്ല. ഗോതമ്പും ചോളവും കരിമ്പുമൊക്കെയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറികളും പഴങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളുമൊക്കെ രാജസ്ഥാനിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇവിടെയെത്തുന്നത്. പ്രകൃതിമായി മല്ലിട്ട് കഴിയുന്ന ജനങ്ങള്‍ക്ക് കൂലി കുറവാണെങ്കിലും പ്രകൃതമായ സൗകര്യങ്ങളോട് സമരസപ്പെട്ട് ജീവിക്കുന്നതിനാല്‍ ഏറെ ശാരീരിക മാനസികാരോഗ്യങ്ങളോടെയാണ് ജനങ്ങള്‍ ജീവിക്കുന്നത്.
(തുടരും)