ഉദയ്പൂര്‍ സ്മാർട്ട് സിറ്റി
ഉദയ്പൂര്‍ നഗരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്. ഈ പദ്ധതി നടപ്പാകുന്നതോടെ ഉദൈപൂരിന്റെ സമഗ്ര വികസന രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 10
ഉദയ്പൂര്‍ നഗരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്. കാലികമായ ആവശ്യങ്ങളും അടിസ്ഥാന വികസനത്തിന്റെ പ്രാധാന്യവും അടയാളപ്പെടുത്തുന്ന ഈ പദ്ധതി നടപ്പാകുന്നതോടെ ഉദൈപൂരിന്റെ സമഗ്ര വികസന രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രശസ്തമായ എല്‍.ആന്റ്.ടി കമ്പനിയാണ് ഉദൈപൂര്‍ സ്മാര്‍ട് സിറ്റി പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്
സുസ്ഥിര വികസനം, സുരക്ഷിതവും മാന്യവുമായ ജീവിത നിലവാരം ഉറപ്പുവരുത്തുക, പുരോഗമനമായ കാര്യങ്ങള്‍ക്ക് സ്മാര്‍ട്ടായ പരിഹാരങ്ങള്‍ നടപ്പാക്കുക എന്നിവയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി ലക്ഷ്യം വെക്കുന്നത്. ഏരിയ അടിസ്ഥാനമാക്കിയുള്ള വികസനത്തിലൂടെ ( ഏരിയ ബേസ്ഡ് ഡവലപ്‌മെന്റ്) സുസ്ഥിരവും സമ്പൂര്‍ണവുമായ സാമ്പത്തികാഭിവൃദ്ധിയും ലോകോത്തര നിലവാരത്തിലുള്ള ജീവിതവുമാണ് ഇതുവഴി സാധ്യമാകുന്നത്. സ്മാര്‍ട്ട് പരിഹാരങ്ങളുടെ ഉപയോഗം ടെക്‌നോളജിയും ഇന്‍ഫര്‍മേഷനും ഡാറ്റയും പ്രയോജനപ്പെടുത്തി ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യവികസനമാണ് സാക്ഷാല്‍ക്കരിക്കപ്പെടുക.
ഉദയ്പൂര്‍ നഗരത്തിന്റെ ജീവിതരീതി മാറ്റി മറിക്കുന്ന ഈ പദ്ധതിക്ക് 513 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ശുദ്ധജല വിതരണം, വേസ്റ്റ് മാനേജ്‌മെന്റ്, ഇലക്ട്രിസിറ്റിയുടെ കാര്യക്ഷമമായ വിതരണം എന്നിവയാണ് സ്മാര്‍ട്ട് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. നിര്‍മാണ മേഖലയിലെ അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൈേ്രക്രാ ടണലിംഗ് ഹൊറിസോണ്ടല്‍ ഡയറക്ട് ഡ്രില്ലിംഗ്, ട്രഞ്ച്‌ലസ് ടെക്‌നോളജി, അണ്ടര്‍ ഗ്രൗണ്ട് കേബിളിംഗ്, ഫൈബര്‍ ഓപ്റ്റിക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉദയ്പൂരിലെ ഏറ്റവും പുരാതന നഗരത്തെ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതി സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വിപ്‌ളവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം 3.4 ചതുരശ്ര കിലോമീറ്ററില്‍ നടക്കുന്ന പദ്ധതിയില്‍ മുഴുസമയ വെള്ളം വിതരണ ശൃഖല, മാലിന്യ സംസ്‌കരണ ശൃഖല, നിലവിലുള്ള പവര്‍ നെറ്റ് വര്‍ക്കുകള്‍ അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറ്റല്‍, ഇലക്ട്രിസിറ്റി, ടെലഫോണ്‍ കേബിളുകള്‍, ഭാവിയില്‍ ഗ്യാസ് ലൈന്‍ വിതരണം സംവിധാനമടക്കം ഉള്‍കൊള്ളിക്കുന്ന യൂട്ടിലിറ്റി ഡക്ട്, , റോഡ്‌സ് ആന്റ് സ്‌റ്റോം വാട്ടര്‍ സിസ്റ്റം, വെള്ളം, മാലിന്യ സംസ്‌കരണം, വൈദ്യൂതി വിതരണം എന്നിവക്കായുള്ള സ്‌കാഡ സിസ്റ്റം തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. 10 വര്‍ഷത്തേക്ക് മുഴുവന്‍ ജോലികളുടേയും ഓപറേഷന്‍സ് ആന്റ് മെയിന്റനന്‍സ് ചുമതല എല്‍.ആന്റ് ടി കമ്പനിക്കാണ്.
സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാകുന്നതോടെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്ന് എല്‍.ആന്‍ഡ്.ടി കമ്പനിയുടെ ഈ പദ്ധതിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകന്‍ റഷാദ് മുബാറക് വിശദീകരിച്ചു. ചരിത്രവും നാഗരികതയും സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമുള്ള ഉദയ്പൂര്‍ പര്യടനം അവിസ്മരണീയമാകുമ്പോള്‍ ജീവിത യാത്രയുടെ ഏടുകളില്‍ അനുഭവങ്ങള്‍ക്ക് കരുത്ത് കൂടുന്നു. ഇന്ത്യയെ കണ്ടെത്താനും ഇന്ത്യയുടെ സൗന്ദര്യവും മനോഹാരിതയും മാത്രമല്ല സാംസ്‌കാരിക പാരമ്പര്യങ്ങളെ തിരിച്ചറിയുവാനും അവയുടെ പുനര്‍ജ്ജനിക്കായി പരിശ്രമിക്കുവാനും മനസ്സ് പാകപ്പെടുത്തിയാണ് ഉദൈപൂരില്‍ നിന്നും മടങ്ങിയത്.
സാധാരണക്കാരായ മനുഷ്യരാണ് ഉദൈപൂരില്‍ അധികവും. വികസനത്തിന്റേയും പുരോഗതിയുടേയും വലിയ ലക്ഷണങ്ങളൊന്നുമില്ലാത്ത, നിത്യവൃത്തിക്ക് കഠിനാദ്ധ്വാനം ചെയ്യുമ്പോഴും അവരുടെ മനസില്‍ സംതൃപ്തിയും സായൂജ്യവുമുള്ളതുപോലെ. അത്യാര്‍ത്തിയും പൊങ്ങച്ച പ്രകടനങ്ങളൊന്നുമില്ലാത്ത പച്ചയായ നഗര നിവാസികളും ഗ്രാമീണരും ആധുനിക ലോകത്തെ മനുഷ്യ ജീവിതത്തിന്റെ പ്രധാനപ്പെട്ട ചില വശങ്ങളിലേക്ക് ചിന്തയെ പായിക്കാതിരുന്നില്ല.
ഹൃദയമിടിപ്പുകള്‍ സൂക്ഷിക്കുന്ന കുറേ ഇടങ്ങളും ഇടനാഴികളുമൊക്കെ തടാകങ്ങളുടെ താഴ്‌വരയുടെ അലങ്കാരമായി മാറുമ്പോള്‍ ഒരു വട്ടം കൂടി ആ തടാകങ്ങളുടെ ശീതളച്ഛായയില്‍ ലയിക്കാനാണ് മനസ്സ് മന്ത്രിക്കുക. പ്രപഞ്ചതാളവും പ്രകൃതിയുടെ മേളവും പ്രണയബദ്ധരാകുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍ സന്ദര്‍ഭത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ടൂറിസത്തിന്റെ ദൂഷ്യങ്ങളധികമൊന്നും ഈ താഴ്‌വരയെ ബാധിച്ചിട്ടില്ല എന്നാണ് എന്റെ പ്രാഥമിക നിഗമനം. ബിയര്‍ വൈന്‍പാര്‍ലറുകളും ബാറുകളുമൊക്ക സാര്‍വത്രികമാണെങ്കിലും താരതമ്യേന മെച്ചപ്പെട്ട സാമൂഹ്യാന്തരീക്ഷമാണ് ശ്രദ്ധയില്‍പെട്ടത്. തടാകങ്ങളുടെ കരയില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കായിരുന്നു. എന്നാല്‍ ആധുനിക മനുഷ്യരുടെ പതിവുശീലം ഇവിടെ കാണാനില്ല. സന്ദര്‍ശകരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ വിശ്രമത്തിലാണ്.
വ്യത്യസ്തമായൊരനുഭവമായിരുന്നു അത്. എല്ലാവരും കുടുംബ ജീവിതതത്തിന്റയും സാമൂഹ്യ ജീവിതത്തിന്റേയും നല്ല മുഹൂര്‍ത്തങ്ങളൈ ഫല പ്രദമായി പ്രയോജനപ്പെടുത്തുകയായിരുന്നു. ഉദൈപൂര്‍ തടാകങ്ങളുടെ ഓരങ്ങളിലെ സന്ധ്യകള്‍ ഗ്രാമീണജീവിതത്തിലെ എല്ലാ നല്ല വശങ്ങളും ധന്യമായി പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വഴി വാണിഭക്കാരുടെ വിഭവങ്ങള്‍ വാങ്ങി ആസ്വദിച്ചും പങ്കുവെച്ചും പൊങ്ങച്ചത്തിന്റേയും ജാഡകളുടേയും യാതൊരു ലാഞ്ചനകളുമില്ലാതൈ ആത്മാര്‍ഥ സ്‌നേഹവും സൗഹൃദവും വഴിഞ്ഞൊഴുക്കുന്ന അത്തരം സന്ധ്യകളാണ് സമകാലിക ലോകത്ത് കൂടുതല്‍ പ്രസക്തമാകുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ചകളാണ് എങ്ങും കാണാനായത്.
കുട്ടികളും മുതിര്‍ന്നവരുമൊക്കെ കളിച്ചും ചിരിച്ചും ആശകളും ആശങ്കകളും പങ്കുവെച്ചും സമയം ചിലവഴിക്കുന്ന ദൃശ്യം, ഒരു പക്ഷേ നമ്മുടെ കേരളീയ ഗ്രാമങ്ങള്‍ക്ക് പോലും നഷ്ടപ്പെടുന്ന സവിശേഷ സ്വഭാവമാണ് ഉദൈപൂരിലെങ്ങും കാണാനായത്.
ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ സന്ദേശവുമായി തടാകങ്ങളുടെ നഗരം നിത്യവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു തന്നെ കൂടുതല്‍ സക്രിയവും ക്രിയാത്മകവുമായ മേഖലകളിലേക്ക് സന്ദര്‍ശകരെ നയിക്കമെന്ന പ്രതിജ്ഞയോടെയാണെന്ന് തോന്നും.
(അവസാനിച്ചു)