വടക്കാങ്ങരയിൽ നിന്നും വാഷിംഗ്ടണിലേക്ക്

എത്ര പ്രാവശ്യം കണ്ടാലും വാഷിംഗ്ടണിലെ കാഴ്ചകളുടെ പുതുമ കുറയുന്നില്ല. നിത്യയൗവനമെന്ന പോലെ നൂതനമായ ദൃശ്യ ഭംഗിയും ചരിത്രപാഠങ്ങളുമാണ് ഓരോ സന്ദർശനവും പകർന്നുനൽകുന്നത്.

വടക്കാങ്ങരയിൽ നിന്നും വാഷിംഗ്ടണിലേക്ക് - 1

എത്ര പ്രാവശ്യം കണ്ടാലും വാഷിംഗ്ടണിലെ കാഴ്ചകളുടെ പുതുമ കുറയുന്നില്ല . നിത്യയൗവനമെന്ന പോലെ നൂതനമായ ദൃശ്യ ഭംഗിയും ചരിത്രപാഠങ്ങളുമാണ് ഓരോ സന്ദർശനവും പകർന്നുനൽകുന്നത്. കാഴ്ചകളുടെ കാണാതീരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യന്റെ ചിന്ത വികസിക്കുകയും നിലപാടുകൾക്ക് വിശാലത കൈവരികയും ചെയ്യുമെന്ന് പറയുന്നത് വെറുതെയല്ല. അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുമ്പോൾ അമേരിക്കയെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും തിരുത്താനാകുമെന്നതും പ്രത്യേക പരാമർശമർഹിക്കുന്നു. വാഷിംഗ്ടൺ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം പാർക്കുകളുണ്ട്. കുട്ടികളും കൂട്ടുകാരും കുടുംബവുമൊക്കെ ഒത്തുകൂടി കൊച്ചുവർത്തമാനങ്ങളും ഭക്ഷണങ്ങളുമൊക്കെയായി സമയം ചെലവഴിക്കുന്ന പ്രധാന കേന്ദ്രങ്ങൾ. ഡി.സിയിലെ മുഴുവൻ പാർക്കുകളും നാഷണൽ പാർക്കുകളായി പരിഗണിച്ചുകൊണ്ടാണ് ഗവൺമെന്റ് പരിപാലിക്കുന്നത്. വൃത്തിയും വെടിപ്പും മാത്രമല്ല പ്രകൃതി സൗഹൃദ സമീപനവും വാഷിംഗ്ടൺ നഗരത്തിലെവിടെയും കാണാനാവും. ഭൂമിയെ വരുന്ന തലമുറക്കായി കാത്തുവെക്കണമെന്ന പൗരബോധവും പ്രകൃതി സംരക്ഷണ സന്ദേശവും ഓരോ നടപടിയിലും നിഴലിക്കുമ്പോൾ ചുറ്റുപാടിന് സൗന്ദര്യമേറും. ഓരോ കാഴ്ചയും ആശയ പ്രമേയ തലങ്ങളിൽ ആഴങ്ങളുള്ളതാകുന്നതും അങ്ങനെയാണ്.

പെന്റഗൺഅമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ. 1943 ജനുവരി 15 നു സ്ഥാപിതമായ പെന്റഗൺ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണ്. 34 ഏക്കറിൽ ഇതു വ്യാപിച്ചു കിടക്കുന്നു. വിർജീനിയ സംസ്ഥാനത്തുള്ള ആർളിംഗ്ടണിലാണ് പെന്റഗൺ സ്ഥിതി ചെയ്യുന്നത്. പ്രതിരോധ വകുപ്പിന്റെ ആസ്ഥാന മന്ദിരം മാത്രമാണ് പെന്റഗൺ എങ്കിലും പ്രതിരോധ വകുപ്പിനെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. പഞ്ചഭുജാകൃതിയിലുള്ളതുകൊണ്ടാണ് ഈ മന്ദിരത്തിന് പെന്റഗൺ എന്ന പേരു വന്നത്. അഞ്ചു കോണുകളും അഞ്ചു വശങ്ങളും കൂടാതെ അഞ്ചു നിലകളും പെന്റഗണിനുണ്ട്. സെപ്റ്റംബർ പതിനൊന്ന് ആക്രമണത്തിൽ പെന്റഗണിനു സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പോട്ടോമാക് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് നദി കടന്നാൽ വാഷിംഗ്ടൺ ഡി.സിയിൽ എത്താം. പെന്റഗൺ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പെന്റഗൺ സിറ്റി എന്നും വിളിക്കാറുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് പെന്റഗൺ സംവിധാനിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും സജീവമായ ഇവിടെ അത്യാധുനിക സാങ്കേതിക വിദ്യയും സൗകര്യങ്ങളും സമന്വയിപ്പിച്ചാണ് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കേന്ദ്രവും സങ്കേതവുമായി നിലനിർത്തുന്നത്. പെന്റഗൺ സിറ്റിയിലെ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിലെ രണ്ടു ദിവസത്തൈ താമസം മതിയാക്കി ഞങ്ങൾക്ക് ലോകസമാധാന സമ്മേളനം നടക്കുന്ന മാരിയറ്റ് മാർക്യൂസ് ഹോട്ടലിലേക്ക് മാറണമായിരുന്നു. 1075 റൂമുകളുളള ആഡംബര ഹോട്ടലാണ് മാരിയറ്റ് മാർക്യൂസ് ഹോട്ടൽ. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ നടക്കാവുന്ന ദൂരത്താണ്. ഞങ്ങൾ ചെന്ന ദിവസം പ്രസിഡണ്ട് തന്റെ ഹോട്ടലിലുണ്ടായിരുന്നതിനാൽ ചുറ്റിലും കനത്ത സുരക്ഷയും പോലീസ് കാവലുമായിരുന്നു. റോഡ് ഗതാഗതവും ഭാഗികമായി നിയന്ത്രിക്കപ്പെട്ടിരുന്നു.

വാഷിംഗ്ടണിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായി പലരും കണക്കാക്കുന്നത് വൈറ്റ് ഹൗസാണ്. പുറമേ നിന്ന് നോക്കുമ്പോൾ വലിയ പ്രത്യേകതയൊന്നും തോന്നില്ലെങ്കിലും നിർമാണത്തിലും ശിൽപ ചാരുതയിലും ഏറെ സവിശേഷതകളുള്ള കെട്ടിടമാണിത്. കാപിറ്റോൾ ബിൽഡിംഗിന്റെ ഏകദേശം രണ്ട് കിലോമീറ്റർ അകലെയായാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. വാഷിംഗ്ടൺ ഡി.സിയിൽ പണി പൂർത്തിയാക്കിയ ആദ്യത്തെ വലിയ പൊതുകെട്ടിടമാണ് വൈറ്റ് ഹൗസ്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും കാര്യനിർവഹണ സ്ഥലവും കൂടിയായ വൈറ്റ് ഹൗസ് യു.എസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയിലാണ്. വെള്ളപൂശിയ മന്ദിരമായതിനാലാണ് വൈറ്റ്ഹൗസ് എന്ന പേരു ലഭിച്ചത് എന്നു പറയപ്പെടുന്നു. ഫിലാഡെൽഫിയ കേന്ദ്രമായി അമേരിക്ക ഭരിച്ചുകൊണ്ടിരിക്കേ പ്രസിഡണ്ട് ജോർജ് വാഷിംഗ്ടണാണ് കാപിറ്റോൾ കുന്നിന്റെ പടിഞ്ഞാറു ഭാഗത്തായി പ്രസിഡൻഷ്യൽ കൊട്ടാരം പണിയണമെന്ന് ഉത്തരവിട്ടത്. എന്നാൽ കൊട്ടാരം പണി പൂർത്തിയായപ്പോഴേക്കും അദ്ദേഹത്തിന് അവിടെ താമസിക്കാനായില്ല. 1800 നവംബർ ഒന്നിന് ജോൺ ആദംസ് വൈറ്റ് ഹൗസിൽ താമസിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റായി ചരിത്രത്തിൽ ഇടം നേടി.

പ്രസിഡന്റ്, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ തുടങ്ങിയവയുടെ പര്യായമായും വൈറ്റ് ഹൗസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശിൽപി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകൽപന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിൾ ഉപയോഗിച്ചാണ് നിർമാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും 1817 ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോൻറോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമാണം അതിനു ശേഷവും തുടരുകയുണ്ടായി. തൽഫലമായി അർദ്ധധവൃത്താകൃതിയിൽ തെക്കേ നടപ്പന്തൽ 1824 ലും വടക്കേ നടപ്പന്തൽ 1829 ലും പൂർത്തീകരിച്ചു.

ഓരോ പബ്ലിക് മുറിക്കും സവിശേഷമായ നാമവും ദൗത്യവുമാണ്. ഒന്നാം നിലയിലുള്ള ദ ബ്ലൂ റൂമിലാണ് പ്രസിഡന്റ് അതിഥികളെ പരമ്പരാഗത രീതിയയിൽ സ്വീകരിക്കുന്നത്. മാപ് റൂം രണ്ടാം ലോക മഹായുദ്ധ കാലത്ത് ആസുത്രണ കേന്ദ്രമായാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പ്രസിഡണ്ടും പ്രഥമ വനിതയും അവരുടെ സ്വകാര്യ മീറ്റിംഗുകൾക്കാണ് ഉപയോഗിക്കുന്നത്. വൈറ്റ് ഹൗസിലെ ഏറ്റവും വലിയ മുറിയായ ദ ഈസ്റ്റ് റൂം ബിൽ ഒപ്പിടൽ ചടങ്ങുകൾക്കും പത്രസമ്മേളനങ്ങൾ, അത്താഴാനന്തരമുള്ള വിനോദ പരിപാടികൾ മുതലായവക്കാണ് ഉപയോഗിക്കുന്നത്. ഓവൽ ഓഫീസ്, കാബിനറ്റ് റൂം, വൈറ്റ് ഹൗസ് സ്റ്റാഫ് ഓഫീസുകൾ മുതലായവയൊക്കെ വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗിലാണ് പ്രവർത്തിക്കുന്നത്. 1901 ൽ പ്രസിഡണ്ട് റൂസ് വെൽട്ടാണ് ഈ വിംഗ് നിർമിച്ചത്. 18 ഏക്കർ വിശാലമായ പ്രസിഡണ്ട്‌സ് പാർക്ക് വൈറ്റ് ഹൗസിന് ചുറ്റും വ്യാപിച്ചുകിടക്കുന്നു. ക്രിസ്മസ്, ഈസ്റ്റർ ആഘോഷ വേളകളിൽ ഈ ഗാർഡനിൽ ദീപാലങ്കാരങ്ങളും വർണക്കാഴ്ചകളും കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാവാറുണ്ട്.

വസന്തകാലം വാഷിംഗ്ടണിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം സീസണാണ്. ലക്ഷക്കണക്കിന് സന്ദർശകരാണ് ഈ സീസണിൽ ഇവിടെയെത്തുന്നത്. ഹോട്ടലുകളും മറ്റും തിരക്ക് കൂടുന്നതിനാൽ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ സന്ദർശനം ആശ്വാസകരമാവുകയുള്ളൂ. വസന്ത കാലത്തെ വാഷിംഗ്ടണിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ചെറി ബ്‌ളോസം ഫെസ്റ്റിവൽ. പിങ്ക് നിറത്തിലും വെളള നിറത്തിലുമുളള ചെറി മരങ്ങൾ പൂത്തുലഞ്ഞ് പുഷ്പിച്ച നിൽക്കുന്ന മനോഹരമായ കാഴ്ച നഗരം മുഴുവൻ ആഘോഷിക്കുന്നു. പ്രത്യേക പരേഡുകളും ആഘോഷത്തിന്റെ ഭാഗമാണ്. ചെറി ബ്ലോസം ഫെസ്റ്റിവലിന്റെ ഭാഗമാവാൻ കഴിഞ്ഞുവെന്നത് വാഷിംഗ്ടൺ സന്ദർശനത്തൈ അവിസ്മരണീയമാക്കി.

ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറിം ബ്‌ളോസം എന്നു പറയുന്നത്. വസന്തകാലം തുടങ്ങുമ്പോൾ മരങ്ങളിൽ ഇല വരുന്നതിന് മുമ്പ് തന്നെ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഭാഗ്യത്തിന്റേയും പ്രണയത്തിന്റേയും ചിഹ്നമായാണ് ചെറി ബ്‌ളോസം കണക്കാക്കപ്പെടുന്നത്. ജപ്പാൻ ദേശീയ പുഷ്പമായ ചെറി ബ്ലോസം വാഷിംഗ്ടണിലെ സുപ്രധാനമായ ആഘോഷമായി മാറിയത് കുടിയേറ്റ ചരിത്രത്തിന്റെ മറ്റൊരധ്യായമാണ്. ജപ്പാനിലെ സകുറയിൽ സമൃദ്ധമായി വളരുന്ന ചെറി ബ്‌ളോസം പൂക്കൾ ജപ്പാൻകാർ തന്നെയാണ് വാഷിംഗ്ടണ് സമ്മാനിച്ചതത്രേ. വസന്തം ചെറിമരങ്ങളുമായി ചെയ്യുന്നത് എന്താണ് എന്ന് പാബ്ലോ നെരൂദ പറഞ്ഞിട്ടുണ്ട്. ചൈന, കൊറിയ, ഇന്ത്യ എന്നിവിടങ്ങളിലും ചെറി ബ്‌ളോസം കാണാറുണ്ട്. ജപ്പാനിൽ ഇത് ജനുവരിയിലാണ് പൂക്കുന്നത്. വാഷിംഗ്ടണിൽ മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതി വരെയാണ് ചെറി ബ്‌ളോസം ഫെസ്റ്റിവൽ നടക്കുന്നത്. കണ്ണു നിറയെ പൂക്കളുടെ ഭംഗി ആസ്വദിക്കുന്നതോടൊപ്പം പൂക്കളും കിനാക്കളും പശ്ചാത്തലമാക്കി ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിലും പ്രൊഫഷണൽ ക്യാമറകളിലുമൊക്കെ ഒപ്പിയെടുത്താണ് ടൂറിസ്റ്റുകൾ വസന്തത്തിന്റെ മാസ്മരിക നിമിഷങ്ങളെ അനശ്വരമാക്കുന്നത്.

ജപ്പാൻ ദേശീയ പുഷ്പമായ ചെറി ബ്ലോസം ഇക്കഴിഞ്ഞ വർഷം മൂന്നാറിലും പൂത്തതായി സുഹൃത്ത് ഡോ. വിനോദ് പറഞ്ഞു. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങൾ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെ.എസ്.ഇ.ബിയുടെ ഹൈഡൽ പാർക്കിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാർക്ക് വികസനത്തിന്റെ പേരിൽ വെട്ടിനശിപ്പിച്ചിരുന്നു. ജപ്പാൻ ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറിൽ പൂത്തു. പള്ളിവാസൽ, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസ്സുള്ള ചെറി ബ്ലോസം മൂന്നാറിൽ ഇതാദ്യമായാണ് പൂവിടുന്നത്.

പള്ളിവാസൽ, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം ധന്യമായി പൂത്തത്. ഒരു മാസം മാത്രം ആയുസ്സുള്ള ചെറി ബ്ലോസം മൂന്നാറിൽ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശയത്തിന് സമീപത്തായി പൂത്തു നിൽക്കുന്ന ചെറി ബ്ലോസത്തെ നേരിൽ കാണുന്നതിനും ചിത്രങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാൾ, തായ്‌ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ചെറി ബ്ലോസത്തെ കാണാൻ കഴിയും. വസന്തത്തിന്റെ പരിമളവും ചെറി ബ്‌ളോസം മനോഹാരിതയും കണ്ണിനും മനസ്സിനും ആസ്വാദ്യകരമായ നിമിഷങ്ങൾ സമ്മാനിച്ചപ്പോൾ സമയം പോയതറിയാതെ ഞങ്ങൾ ഫോർ ഫ്രണ്ട്‌സ് ഏറെ നേരം അവിടെ ചുറ്റി നടന്നു.

(തുടരും)

Dr Amanulla Vadakkangara