മെവാർ തലസ്ഥാനം

പുരാതന രജപുത്താന പരമ്പരയില്‍പ്പെട്ട മെവാര്‍ രാജവംശത്തിന്റെ തലസ്ഥാനമായ ഉദയ്പൂര്‍ നഗരം 1559ലാണ് സ്ഥാപിക്കപ്പെട്ടത്. രജപുത്രരിലെ സിസോഡിയ ഗോത്രത്തില്‍പ്പെട്ട മഹാറാണ ഉദയ്‌സിംഗ് രണ്ടാമനാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 2

പുരാതന രജപുത്താന പരമ്പരയില്‍പ്പെട്ട മെവാര്‍ രാജവംശത്തിന്റെ തലസ്ഥാനമായ ഉദയ്പൂര്‍ നഗരം 1559ലാണ് സ്ഥാപിക്കപ്പെട്ടത്. രജപുത്രരിലെ സിസോഡിയ ഗോത്രത്തില്‍പ്പെട്ട മഹാറാണ ഉദയ്‌സിംഗ് രണ്ടാമനാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ രജപ്രത്രരുടെ തലസ്ഥാനമായ ചിറ്റഗോര്‍ പിടിച്ചക്കിയതിനെ തുടര്‍ന്നാണ് തലസ്ഥാനം ഉദയ്പൂരിലേക്ക് മാറ്റിയത് എന്നും ചരിത്രരേഖകളില്‍ കാണുന്നു. 1815 ല്‍ ബ്രിട്ടീഷ് ആധിപത്യത്തിലുള്ള സംസ്ഥാനമായി മാറുന്നതുവരേയും മേവാര്‍ രാജവംശത്തിന്റെ തലസ്ഥാനം ഉദയ്പൂരായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ മേവാര്‍ മേഖല രാജസ്ഥാന്റെ ഭാഗമാവുകയായിരുന്നു.

ഏഴ് തടാകങ്ങളാല്‍ വലയം ചെയ്യപ്പെട്ടതുകൊണ്ടാണ് ഉദയ്പൂര്‍ തടാകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്നത്. ഫത്തേഹ് സാഗര്‍, പിച്ചോള, സ്വരൂപ് സാഗര്‍, രംഗ് സാഗര്‍, ദൂത് തലൈ എന്നിവയാണ് ഉദയ്പൂരിലെ പ്രധാന തടാകങ്ങള്‍. ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ തടാക സംരക്ഷണ പദ്ധതിയിലുള്‍പ്പെടുന്നവയാണ് ഈ തടാകങ്ങളൊക്കെ. തടാകങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര്‍ക്കാറ്റ് അനുരാഗത്തിന്റ പരിമളവും പ്രണയത്തിന്റ മാധുര്യവും പകരുമ്പോള്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ മാത്രമല്ല ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുളളവരും സ്വപ്‌നസഞ്ചാരത്തിന്റെ ചിറകിലേറുമ്പോള്‍ സന്ദര്‍ശനത്തിന് ആസ്വാദ്യതേേയറുന്നു.

ഇന്ത്യാ ഉപഭൂഖണ്ഠത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സ്‌പോട്ട് എന്ന് ബ്രിട്ടീഷ് അഡ്മിനിസ്‌ട്രേറ്റര്‍ ജെയിംസ് ടോഡ് വിശേഷിപ്പിച്ച ചരിത്രം, സംസ്‌കാരം, നാടകീയമായ ലൊക്കേഷനുകള്‍, രജപുത്രരുടെ ചരിത്രാവിശിഷ്ടങ്ങള്‍ മുതലായവക്ക് പ്രശസ്തമാണ്. തടാകങ്ങള്‍ക്ക് പുറമേ കോട്ടകള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ഗാലറികള്‍, പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, കരകൗശല വിദ്യകളാല്‍ അലംകൃതമായ ക്ഷേത്രങ്ങള്‍, ധന്യമായ ചരിത്ര പാരമ്പര്യങ്ങള്‍ മുതലായവയും ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന ഘടകങ്ങളാണ്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ പകുതി വരെയാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഏപ്രില്‍ പകുതിയാകുന്നതോടെ ചൂട് കൂടുമെന്നതിനാല്‍ യാത്ര പ്രയാസമാകും. ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കനത്ത മഴ ലഭിക്കുന്ന സമയമായതിനാലും സന്ദര്‍ശനം അഭികാമ്യമല്ല.

രാജസ്ഥാന്റെ തെക്കു ഭാഗത്തായി ഗുജറാത്തിനോട് ചേര്‍ന്നാണ് ഉദയ്പൂര്‍ സ്ഥിതി ചെയ്യുന്നത്. അറവാലി പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തെ മരുഭൂമിയില്‍ നിന്നും വേര്‍തിരിക്കുന്നതും ഈ മലനിരകള്‍ തന്നെയാണ്. രാജസ്ഥാന്‍ തലസ്ഥാനമായ ജൈപൂരില്‍ നിന്നും 403 കിലോമീറ്ററും അഹമ്മദാബാദില്‍ നിന്നും 250 കിലോമീറ്ററും അകലെയായാണ് ഉദയ്പൂര്‍. ഗുജറാത്തുമായയി അതിര്‍ത്തി പങ്കിടുന്ന ഉദയ്പൂരിലേക്ക് മിക്കവാറും പഴങ്ങളും പച്ചക്കറികളും എത്തുന്നത് ഗുജറാത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്നുള്ള മട്ട അരിയും ഇളനീരുമടക്കം പലതും എത്തുന്നതും അഹമ്മദാബാദ് വഴിയാണ്.

ഡല്‍ഹിയില്‍ നിന്നും ഏകദേശം 660 കിലോമീറ്ററും മുബൈയില്‍ നിന്നും ഏകദേശംം 800 കിലോമീറ്ററുമാണ് ദൂരം. ബസ്, ട്രെയിന്‍, വിമാനമാര്‍ഗങ്ങളില്‍ ഇവിടെയെത്തും. ഡല്‍ഹി, മുബൈ എന്നീ രണ്ട് വന്‍ നഗരങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്ന നഗരമെന്നതും ഗുജറാത്ത് തുറമുഖവുമായുള്ള അടുപ്പവും ഈ നഗരത്തിന്റെ സ്ട്രാറ്റജിക് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ദാബൂക്കിലെ മഹാറാണ പ്രതാപ് വിമാനതാവളവും ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷനും നിത്യവും പതിനായിരക്കണക്കിന് സന്ദര്‍ശകരെയാണ് നിത്യവും നഗരത്തിലെത്തിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ അധികവും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 12 ലക്ഷത്തോളം ടൂറിസ്റ്റുകള്‍ വര്‍ഷം തോറും ഉദയ്പൂരിലെത്താറുണ്ട്.

രാജസ്ഥാനി ഭാഷക്ക് പുറമേ ഇംഗ്‌ളീഷ്, ഹിന്ദി, ഉറുദു ഭാഷകളും വ്യാപകമായി ഉപയോഗിക്കുന്നു. രാജസ്ഥാനി ഭാഷക്ക് മെവാരി എന്നും പേരുണ്ട്. മെവാര്‍ രാജവംശത്തിന്റെ ചരിത്രം അന്വര്‍ഥമാക്കിയാണ് ഈ പേര് വന്നത്. ഉദയ്പൂര്‍ മെട്രോപോളിറ്റന്‍ മേഖലയുടെ കീഴിലുള്ള മുനിസിപ്പാലിറ്റിയാണ് ഉദയ്പൂര്‍ നഗരത്തിന്റെ ഭരണം നടത്തുന്നത്. നഗരത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് ടൂറിസം തന്നെയാണ്. എന്നാല്‍ ഇനിയും നിരവധി ടൂറിസം പദ്ധതികള്‍ക്ക് ഇവിടെ സാധ്യതയുണ്ടെന്നാണ് ഹൃസ്വ സന്ദര്‍ശനവേളയില്‍ ബോധ്യപ്പെട്ടത്. വിവിധ ലോഹങ്ങള്‍, മാര്‍ബിള്‍ ഉല്‍പന്നങ്ങള്‍, രാസ പദാര്‍ഥങ്ങള്‍, ഇല്‌ക്ട്രോണിക് ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനവും വിപണനവുമാണ് മറ്റു പ്രധാന വരുമാന സ്രോതസ്സുകള്‍. ഇന്ത്യയിലെ സുപ്രധാന മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍പ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് ഉദൈപൂരിലെ സുപ്രധാനമായ വിദ്യാഭ്യാസ സ്ഥാപനം.

64 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി. 1200 വര്‍ഷത്തോളം ഭരണം നടത്തിയ സിസോഡിയ രാജവംശത്തിന്റെ, മെവാര്‍ കുടുംബത്തിന്റെ തിലകക്കുറിയായി ഉദയ്പൂര്‍ നഗരം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ടൂറിസ്റ്റുകളേയും ചരിത്രാന്വേഷികളേയും മാടിവിളിക്കുമ്പോള്‍ പോയകാലത്തിന്റെ പ്രതാപവും ഭാവിയുടെ സ്പന്ദനങ്ങള്‍ മിടിക്കുന്ന പ്രതീക്ഷകളും സന്ദര്‍ശനം അവിസ്മരണീയമാക്കുന്നു.

പടുകൂറ്റന്‍ കെട്ടിടങ്ങളോ ഷോപ്പിംഗ് മോളുകളോ ഉദയ്പൂരില്‍ അധികം കാണാനാവില്ല. മിക്ക കെട്ടിടങ്ങളും പൗരാണിക പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവയും പഴമയുടെ തനിമ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണ്. നിര്‍മാണരംഗത്തും കരകൗശല മേഖലയുമൊക്കെ കാണുന്ന ഈ പ്രത്യേകത സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ടൂറിസ്റ്റുകളെ പരിഗണിച്ചാവണം എങ്ങും ബിയര്‍ പാര്‍ലറുകളും വൈന്‍ ഷോപ്പുകളും ബാറുകളും കാണാം. എന്നാല്‍ നിരത്തുകളിലോ മറ്റോ ലഹരിക്കടിപ്പെടുന്നവരുടെ പേക്കൂത്തുകളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. പ്രണയവും അനുരാഗവുമൊക്കെ പൂത്തുല്ലസിക്കുന്ന അനുഗ്രഹീത പരിസരം സമ്മാനിക്കുന്ന നഗരകാഴ്ചകള്‍ക്ക് ജീവിതം തന്നെ ലഹരിയായി മാറുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാവില്ല എന്നാണ് വ്യക്തിപരമായ എന്റൈ വിലയിരുത്തല്‍.

ഉദയ്പൂരിലെ ഓരോ കാഴ്ചയും പഴയമയുടെ പ്രൗഡിയും ഗരിമയും നിലനിര്‍ത്തുന്നതായതിനാല്‍ നിര്‍മാണത്തിലെ കരവിരുതും സൗന്ദര്യസങ്കല്‍പങ്ങളും ഏറെ ആകര്‍ഷകമാകും. കൃത്രിമ അലങ്കാരങ്ങളോ പൊങ്ങച്ച പ്രകടനങ്ങളോ അല്ല മറിച്ച് തനതായ കരവിരുതും കരകൗശല ഭംഗിയും ഒത്തുചേരുന്ന മനോഹരമായ ചാരുതയാണ് ഉദയ്പൂര്‍ നഗരകാഴ്ചകളെ വ്യതിരിക്തമാക്കുന്നത്.

ടൂറിസ്റ്റ് കേന്ദ്രമെന്ന നിലക്കുള്ള മികച്ച റോഡുകളോ സംവിധാനങ്ങളോ ഇനിയും പൂര്‍ത്തിയായിട്ടില്ല എന്നതാണ് മനോഹരമായ ഈ നഗരത്തിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണത്തില്‍ ശ്രദ്ധിച്ച പ്രധാനപ്പെട്ട മറ്റൊരു കാര്യം. തടാകങ്ങളോട് ചേര്‍ന്നും അല്ലാതെയുമുള്ള പല റോഡുകളും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച ശാസ്ത്രീയമായ ട്രാഫിക് സുരക്ഷ ഡിസൈനിലേക്ക് അടിയന്തിരമായി കൊണ്ടുവരേണ്ടതുണ്ട് എന്നാണ് എന്റെ നിരീക്ഷണം. ചെങ്കുത്തായ മലമടക്കുകളിലോടെയുള്ള റോഡുകളിലും അപകട സാധ്യതയേറെയായതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്നതിലും കണിശമായ നിലപാടുകളുണ്ടാകുമ്പഴേ പൊതുജനസുരക്ഷ ഉറപ്പുവരുത്താനാവുകയുള്ളൂ. വികസനക്കുതിപ്പിന് കരുത്തു പകരുന്ന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ പൊതുജനങ്ങളുടെ വിശിഷ്യാ സന്ദര്‍ശകരുടെ സുരക്ഷ അധികൃതരുടെ പരിഗണനയിലുണ്ടാകുമെന്നാശിക്കുന്നു.

(തുടരും)

Dr Amanulla Vadakkangara