സിറ്റി പാലസ്

1553 ല്‍ മഹാറാണാ ഉദയ് സിംഗ് ആണ് സിറ്റി പാലസിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് തലമുറ തലമുറകളായി പണിഞ്ഞ് പണിഞ്ഞാണ് ഇന്നു കാണുന്ന രൂപത്തിലുള്ള കൊട്ടാരമായി മാറിയത്.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 3

ഉണര്‍വും, ഉന്മേഷവും, പ്രസരിപ്പും തന്നെയാണ് ജീവിതത്തിലുടനീളം നമുക്ക് കരുത്തുപകരുന്നത്. യാത്രകള്‍ ഇത്തരത്തില്‍ നമ്മെ കര്‍മോല്‍സുകരും തിരിച്ചറിവുള്ളവരുമാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനുഭവങ്ങളില്‍ നിന്നും നേടുന്ന തിരിച്ചറിവുകളും, വീഴ്ചയില്‍ നിന്നു പഠിക്കുന്ന പാഠങ്ങളുമെല്ലാം ലക്ഷ്യത്തിലേക്കുള്ള ശുഭസൂചനകളാണ്. അതിരുകവിയാത്ത മുന്‍വിധികളില്ലാതെ തികഞ്ഞ ഉന്മേഷത്തോടും, പ്രസരിപ്പോടും കൂടി തന്നെ നമ്മള്‍ ഓരോ സാഹചര്യങ്ങളേയും നേരിടാന്‍ ശ്രമിക്കുക. നാം നമ്മുടെ ലക്ഷ്യത്തിലെത്തിയിരിക്കും. പ്രകൃതിയുടെ മടിത്തട്ടിലൂടെ പഴമയും പുതുമയും സമന്വയിക്കുന്ന അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളുള്ള യാത്രകള്‍ നമ്മിലുണ്ടാകുന്ന അനുഭൂതിയും ക്രിയാത്മകതയും ചെറുതല്ല.

പാരമ്പര്യത്തിന്റെ ഹൃദയമിടിപ്പുകളാണ് ഉദയ്പൂരിലെ ഓരോ ദൃശ്യങ്ങളേയും കൂടുതല്‍ കമനീയമാക്കുന്നത് എന്നു തോന്നുന്നു. രാജസ്ഥാനിലെ വിവിധ നഗരങ്ങളെപ്പോലെ തന്നെ സ്വന്തമായ ഐതിഹ്യങ്ങള്‍ ഉദയ്പൂരിനുമുണ്ട്. അതനുസരിച്ച് മഹാറാണ ഉദയ്‌സിംഗ് ഒരിക്കല്‍ വേട്ടക്ക് പുറത്തുപോയ സമയത്ത് പിച്ചോള തടാകത്തിന് അഭിമുഖമായുള്ള മലനിരയില്‍ ധ്യാനത്തിലിരിക്കുന്ന ഒരു സന്യാസിയെ കണ്ടു. അവിടെ കൊട്ടാരം പണിയുവാന്‍ ആ സന്യാസി മഹാരാജാവിനെ ഉപദേശിച്ചുവെത്ര. ഫലഭൂയിഷ്ടമായ താഴ്‌വരയും ധന്യമായ തടാകവും പശ്ചാത്തലമാക്കി മഹാരാജാവ് കൊട്ടാരം പണിതു. അങ്ങനെയാണ് ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പോന്ന അതിമനോഹരമായ ഉദയ്പൂര്‍ നഗരം ഉണ്ടായതെന്നാണ് ഐതിഹ്യം. 1553 ല്‍ മഹാറാണാ ഉദയ് സിംഗ് ആണ് സിറ്റി പാലസിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് തലമുറ തലമുറകളായി പണിഞ്ഞ് പണിഞ്ഞാണ് ഇന്നു കാണുന്ന രൂപത്തിലുള്ള കൊട്ടാരമായി മാറിയത്. ചിറ്റോര്‍ഗഡില്‍ നിന്നു ഉദയ്പൂരിലേക്കു തലസ്ഥാനം മാറ്റുന്നതിന് വേണ്ടിയാണ് കൊട്ടാരം പണി തുടങ്ങിയത് എന്നും പറയപ്പെടുന്നു.

പിച്ചോള തടാകത്തിന് അഭിമുഖമായി വര്‍ണവൈവിധ്യങ്ങളോടെയുള്ള മാര്‍ബിളിലും ഗ്രാനൈറ്റിലും പണി തീര്‍ത്ത സിറ്റി പാലസ് തന്നെയാകും ഉദയ്പൂര്‍ നഗരത്തിലെ വിസ്മയ കാഴ്ചകളില്‍ മികച്ചത്. ഉദയ്പൂരിലെത്തുമ്പോഴോ സിറ്റി പാലസ് എന്ന മഹാ വിസ്മയം നമ്മെ മാടിവിളിക്കുന്നതായി തോന്നും. ഉദയ്പ്പുരിന്റെ ചരിത്രം സിറ്റി പാലസിന്റെ കൂടി ചരിത്രം കൂടിയാണെന്ന് പറയാം. ഒരു നിമിഷം നമ്മള്‍ നൂറ്റാണ്ടുകള്‍ പിറകിലേക്ക് സഞ്ചരിച്ച് രജപുത്ര ഭരണത്തിന്റെ പ്രതാപത്തിലൂടെ കടന്നുപോകുന്നതുപോലെയാണ് അനുഭവപ്പെടുക.

ഉദൈപൂര്‍ രാജവംശത്തിന്റെ അധികാര ചിഹ്നം ആയ ഉദയ സൂര്യന്റെ ബാഡ്ജ് ധരിച്ച പാറാവുകാര്‍ എങ്ങും കാവല്‍ നില്‍ക്കുന്നു പരമ്പരാഗത രീതിയില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ വേറെയും പലരുമുണ്ട് ചുറ്റും. ഫോട്ടോ ഷൂട്ടാണ് ഇവിടുത്തെ പ്രധാന ജോലി. പരമ്പരാഗത രാജസ്ഥാനി വേഷമണിയിച്ച മനോഹരമായ ചിത്രങ്ങളുമെടുത്താണ് മിക്ക ടൂറിസ്റ്റുകളും മടങ്ങുന്നത്.

സത്യത്തില്‍ സിറ്റി പാലസ് കേവലമൊരു കൊട്ടാരമല്ല. നിരവധി കൊട്ടാരങ്ങളുടെ ഒരു സമുച്ചയമാണ്. അമര്‍ വിലാസ്, ദില്‍ കുഷ് മഹല്‍, ഭിം വിലാസ് തുടങ്ങി പതിനൊന്നോളം കൊട്ടാരങ്ങളുടെ ഒരു സമുച്ചയം. നേരത്തെ പതിനൊന്നോളം പ്രവേശന കവാടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ച് കവാടങ്ങളാണുള്ളത്. രാജസ്ഥാനി, മുഗള്‍ ശൈലികള്‍ കൊട്ടാരത്തില്‍ കാണാം.. ചിനി, ചിത്രശാല, ചോട്ടി ചിത്രശാല തുടങ്ങിയ കര കൗശല ചിത്രശാലകളും കൊട്ടാരത്തിന് മാറ്റു കൂട്ടുന്നു. കൊട്ടാരത്തിന്റെ കിഴക്ക് ഭാഗത്തുള്ള സൂരജ് പോള്‍ അഥവാ സണ്‍ ഗേറ്റാണ് മുഖ്യ പ്രവേശന കവാടം. മൂന്ന് ആര്‍ച്ചുകളുടെ രൂപത്തിലുള്ള ഈ കവാടം ഏറെ മനോഹരമാണ്. കവാടത്തിന് സമീപം മഹാറാണ രാജാക്കന്മാരെ തൂക്കി അത്രയും ഭാരം സ്വര്‍ണം പ്രജകള്‍ക്കിടയില്‍ ദാനം ചെയ്യാറുണ്ടായിരുന്നുവെന്ന് പൗരാണിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

കൊട്ടാരത്തിന് ചൂറ്റുമുള്ള പടുകകൂറ്റന്‍ മതില്‍, മുറ്റങ്ങള്‍, പവലിയനുകള്‍, ടെറസുകള്‍, വിശ്രമ മുറികള്‍, തൂങ്ങി കിടക്കുന്ന പൂന്തോട്ടങ്ങള്‍ തുടങ്ങി നിരവധി വിസ്മയ കാഴ്ചകളാണണ് സിറ്റി പാലസിന് ചുറ്റുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

പൂന്തോട്ടങ്ങളും, മനോഹരമായ കൊത്തു പണികളും കണ്ടും ഫോട്ടോ എടുത്തുമാണ് മിക്കവരും സമയം ചിലവഴിക്കുന്നത്. ഗൗരവബുദ്ധ്യാ മുസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് വേണ്ടി പ്രാചീന ശിലാ ലിഖിതങ്ങളും, ആയുധങ്ങളും, വസ്ത്രങ്ങളും, ശില്‍പങ്ങളും ഒക്കെ മനോഹരമായ കാഴ്ചകളാണ്,. കൃഷ്ണ ശില എന്നറിയപ്പെടുന്ന കറുത്ത ശിലയില്‍ കൊത്തിയ ശില്‍പങ്ങളാണ് സിറ്റി പാലസിലെ മറ്റൊരു പ്രധാന കാഴ്ച.

സിറ്റി പാലസ് ശരിക്ക് കാണണമെങ്കില്‍ അര ദിവസമെങ്കിലും വേണ്ടിവരും. ഓരോ കവാടങ്ങളുടേയും കരകൗശല ഭംഗിയും ഉദ്ദേശലക്ഷ്യങ്ങളുമൊക്കെ ചരിത്രകാരന്മാരെ മാത്രമല്ല സാധാരണ സന്ദര്‍ശകരേയും ആകര്‍ഷിക്കാന്‍ പോന്നതാണ്.

രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സിറ്റി പാലസ് സന്ദര്‍ശന സമയം. വൈകുന്നേരങ്ങളില്‍ പ്രത്യേകം ലൈറ്റ് ആന്റ് സൗണ്ട് പരിപാടികളുമുണ്ടാവാറുണ്ട്. മെയ് മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ രാത്രി 8 മണി മുതല്‍ 9 മണിവരേയും സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ 8 മണിവരേയുമാണ് പ്രത്യേക പരിപാടികള്‍ ഉണ്ടാവാറുള്ളത്. മുതിര്‍ന്നവര്‍ക്ക് 114 രൂപയും കുട്ടികള്‍ക്ക് 55 രൂപയുമാണ് പ്രവശന ഫീസ്. വീഡിയോക്കും കാമറക്കും 225 രൂപ ചാര്‍ജടക്കണം.

സിറ്റി പാലസിനകത്തുള്ള ഗവണ്‍മെന്റ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും സന്ദര്‍ശിക്കേണ്ടതാണ്. മെവാര്‍ രംജവംശത്തിന്റെ പ്രൗഡി വിളിച്ചോതുന്ന മനോഹരമായ പെയിന്റിംഗുകളും ശില്‍പങ്ങളുമൊക്കെ തന്നെയാണ് ഈ മ്യൂസിയം വശ്യ വര്‍ദ്ധിപ്പിക്കുന്നത്. ആയിരം വാക്കുകള്‍ കൊണ്ട് സംവദിക്കാനാവത്ത പല കാര്യങ്ങളും ഒരു പെയിന്റിംങ്ങ് നമുക്ക് പകര്‍ന്നു തരും. നിറങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ചിത്രകാരന്മാര്‍ ഭാവനയുടെയും സ്വപ്‌നത്തിന്റേയും ചിറകിലേറെ ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കുമൊക്കെ സഞ്ചരിക്കുമ്പോള്‍ ഗതകാലസ്മൃതികള്‍ അയവിറക്കാനും ഒട്ടേറെ സന്ദേശങ്ങളുള്‍കൊള്ളുവാനും കഴിയുന്നുവെന്നതാണ് പ്രധാനം. നിറങ്ങള്‍ കൊണ്ട് സ്വതന്ത്ര്യം പ്രഖ്യാപിക്കുന്നവരാണ് ചിത്രകാരന്‍മാര്‍ എന്ന് പറയാറുണ്ട്. ഇവിടുത്തെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ഈ യാഥാര്‍ഥ്യം നമുക്കും ബോധ്യപ്പെടും. ഇന്ത്യക്കാര്‍ക്ക് കേവലം 10 രൂപയുടെ പാസെടുത്ത് രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഈ മ്യൂസിയം കാണാം.

(തുടരും)

Dr Amanulla Vadakkangara