ആരവല്ലിയുടെ വരദാനം

രാജസ്ഥാനിലുള്ള മുപ്പത്തിമൂന്നു ജില്ലകളിലെ ഒരു ജില്ലയാണ് ഉദയ്പൂര്‍ ജില്ല. ചരിത്ര പ്രസിദ്ധമായ ഉദയ്പൂര്‍ പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ആരവല്ലി പര്‍വതനിര സ്ഥിതി ചെയ്യുന്നു.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 4

ഉദയ്പൂരിലൂടെ കടന്നുപോകുമ്പോഴൊക്കെ നിത്യഹരിത ഓര്‍മകളുള്ള ചരിത്രത്തിന്റെ ഇതളുകളാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അനാവൃതമാകുന്നത്. ഭൂമിശാസ്ത്രവും ചരിത്രവും പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമൊക്കെ ഇടകലര്‍ന്ന ഈ നഗരത്തെക്കുറിച്ച് പല തരം വിവരങ്ങളാണ് പ്രദേശ വാസികളില്‍ നിന്നും ലഭിക്കുക.. ട്രാവല്‍ & ലിഷര്‍ മാഗസിന്‍ ലോകത്തിലെ ഏറ്റവും നല്ല നഗരത്തിനുള്ള അവാര്‍ഡിനായി ഉദയ്പൂര്‍ നഗരത്തെ പല തവണ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നഗരമാണ് ഉദയ്പൂര്‍. ഇതൊക്കെ ഉദയ്പൂരിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സുക്ഷ്മതലത്തിലുള്ള വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ചില കാര്യങ്ങള്‍ വിക്കിപീഡിയയില്‍ നിന്നും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

രാജസ്ഥാനിലുള്ള മുപ്പത്തിമൂന്നു ജില്ലകളിലെ ഒരു ജില്ലയാണ് ഉദയ്പൂര്‍ ജില്ല. ചരിത്ര പ്രസിദ്ധമായ ഉദയ്പൂര്‍ പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ആരവല്ലി പര്‍വതനിര സ്ഥിതി ചെയ്യുന്നു. ഈ ജില്ലയുടെ വടക്ക് ഭാഗം രാജ്‌സമന്ദ് ജില്ലയും കിഴക്ക് ചിതൗര്‍ഗഡ് ജില്ലയും തെക്കുകിഴക്കായി ബന്‍സ്വര ജില്ലയും തെക്കുപടിഞ്ഞാറായി ഗുജറാത്ത് സംസ്ഥാനവും സ്ഥിതി ചെയ്യുന്നു. രാജസ്ഥാനിലെ മേവാര്‍ മേഖലയില്‍ ഉള്‍പെടുന്ന ജില്ലയാണ് ഉദയ്പൂര്‍.

തെക്ക് രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയുടെ ആസ്ഥാനമായ പുരാതനനഗരമാണ് ഉദയ്പൂര്‍. ഉദയ്പൂര്‍ - ചിത്തോര്‍ റയില്‍ പാതയില്‍ ബോംബെയില്‍നിന്ന് 1,115 കി. മീ. ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 600 മീ. ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. നഗരത്തിനെ ചുറ്റി വനപ്രദേശങ്ങളാണ്. പ്രാചീന നഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സംരക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നുപോരുന്നു നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സര്‍ദാര്‍ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹര്‍മ്മ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങള്‍ സമീപത്തുള്ള പിച്ചോളാതടാകത്തില്‍ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. തടാക മധ്യത്ത് യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വസ്തുശില്‍പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.

1568-ല്‍ അക്ബര്‍ ചിത്തോര്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് റാണാ ഉദയസിംഹന്‍ നിര്‍മ്മിച്ച ഗിരിപ്രകാരമാണ് ഇന്നത്തെ ഉദയ്പൂര്‍ ആയിതീര്‍ന്നത്. ഇപ്പോള്‍ വലിപ്പംകൊണ്ട് രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്. സ്വര്‍ണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ് അലങ്കാരവസ്തുക്കള്‍, കസവുവസ്ത്രങ്ങള്‍, വാള്‍, കഠാരി തുടങ്ങിയ ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്ത്‌ന് ഉദയ്പൂര്‍ പ്രശസ്തമാണ്. അടുത്തകാലത്തായി ചെറുകിട വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ വിദ്യാഭ്യാസ സംസ്‌കാര കേന്ദ്രമെന്ന നിലയിലും ഉദയ്പൂര്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ് ഉദയ്പൂര്‍ സ്ഥിതിചെയ്യുന്നത്. കഠിനശിലകളാല്‍ സംരക്ഷിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്. ഉദയ്പൂരിന്റെ മൂന്നില്‍ രണ്ടു ഭാഗവും നിരപ്പുള്ള പ്രദേശമാണ്. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ് നദിയുടെ ശീര്‍ഷസ്ഥാനം പൊതുവേ നിംനോന്നതവും ദുര്‍ഗമവുമാണ്. സ്ഥിരമായി പാര്‍പ്പുറപ്പിക്കതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭീല്‍വര്‍ഗക്കാരുടെ അധിവാസകേന്ദ്രവുമാണ്. ഇവിടെ ജയ്‌സമന്ത് (ഡേബര്‍), രാജ്‌സമന്ത്, ഉദയസാഗര്‍, പച്ചോള തുടങ്ങി നൈസര്‍ഗികവും മനുഷ്യനിര്‍മിതവുമായ അനേകം തടകങ്ങള്‍ ഉണ്ട്; ക്വാര്‍ട്ട്‌സൈറ്റ് അധാത്രിയായുള്ള ഗര്‍ത്തങ്ങളില്‍ ഒഴുകിക്കൂടിയ ജലമാണ് തടകങ്ങളായി തീര്‍ന്നിരിക്കുന്നത്.. ഇവിടെ ശരാശരി വര്‍ഷപാതം 2560 സെ. മീ. ആണ്. ജോവര്‍, ബാജ്‌റ, ഗോതമ്പ്, കടല, പരുത്തി, പുകയില, എണ്ണക്കുരുക്കള്‍ തുടങ്ങിയവ കൃഷിചെയ്തു വരുന്നു. ജില്ലയുടെ തെക്കുപടിഞ്ഞാറു ഭഗത്ത് അല്‍പമായതോതില്‍ നെല്‍കൃഷിയും നടക്കുന്നുണ്ട്. ആട്, ഒട്ടകം എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍.

ഇന്ത്യയില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യമായി നിലനിന്നിരുന്ന ഉദയ്പൂര്‍ രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു. രജപുത്ര പരമ്പര്യവും പ്രഭാവവും കാത്തുസൂക്ഷിച്ചുപോന്ന ഈ പ്രദേശം മേവാഡ് എന്നപേരിലും അറിയപ്പെടുന്നു. മേഷ്പാദ് എന്ന സംസ്‌കൃത പദത്തിന്റെ അപഭ്രംശമാണ് മേവാഡ്; മേഷങ്ങളുടെയും മേശ്രജാതിക്കാരുടെയും നിവാസസ്ഥാനം എന്ന അര്‍ത്ഥത്തിലാണ് മേവാഡ് എന്ന പേരു ലഭിച്ചത്. ഇപ്പോള്‍ രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. വിക്കീപീഡിയയുടെ വിവരണമനുസരിച്ച് 728ല്‍ ബാപ്പാ റാവല്‍ ആണ് മേവാഡ് രാജ്യം സ്ഥാപിച്ചത്. ഈ വംശത്തിലെ സമര്‍ഥരും യുദ്ധനിപുണരുമായ രാജാക്കന്മാര്‍ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. സൂര്യവംശവുമായി ബന്ധപ്പെടുത്തി, ശ്രീരാമന്റെ പിന്മുറക്കാരായ ക്ഷത്രിയരാണ് തങ്ങളെന്ന് മേവാഡ് രാജാക്കന്മാര്‍ അവകാശപ്പെട്ടിരുന്നു; റാവല്‍, റാണാ, മഹാറാണ എന്നീ സ്ഥാനപ്പേരുകള്‍ അവര്‍ സ്വീകരിച്ചുപോന്നു. രജപുത്രര്‍ മേവഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു.

1651 ല്‍ മഹാറാണ ജഗത് സിംഗ് പണി കഴിപ്പിച്ച മനോഹരമായ ക്ഷേത്രമാണ് ജഗദിഷ് ടെംപിള്‍. സിറ്റി പാലസിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ കൊട്ടാരത്തില്‍ നിന്നു പുറത്തിറങ്ങുന്ന അധികം പേരും ഈ അമ്പലം സന്ദര്‍ശിക്കാറുണ്ട്. പ്രത്യേകിച്ച് നിയന്ത്രണം ഒന്നുമില്ലാത്ത ഇവിടെ വിദേശികളടക്കം ധാരാളം സഞ്ചാരികള്‍ വരുന്നുണ്ട. മാരു ഗുര്‍ജാര വാസ്തുശില്‍പ രീതിയില്‍ ഇരു നിലകളിലായി മാര്‍ബിളില്‍ പണി കഴിപ്പിച്ച മനോഹര ക്ഷേത്രമാണ് ജഗദിഷ് ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ജഗന്നാഥനാണ് ( വിഷ്ണു ) പല പഴയകാല ക്ഷേത്രങ്ങളുടെയും ക്ഷേത്രത്തിന്റെ പേരും പണി കഴിപ്പിച്ച രാജാവിന്റെ പേരും ഒന്നാകുന്നത് യാദൃശ്ചികമല്ല. തങ്ങളുടെ അധികാരത്തിനു ജനങ്ങളുടെ പിന്തുണ കിട്ടാനുള്ള ഒരു വിദ്യയാണിത്. രാജാവിനെ ദൈവത്തെപ്പോലെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ഒരു മനഃശാസ്ത്ര സമീപനം. ചുറ്റുമുള്ള കൊത്തു പണികള്‍ ആരെയും അത്ഭുദപ്പെടുത്തും. സന്ദര്‍ശകര്‍ക്ക് കൊത്തുപണികളുടെ അര്‍ത്ഥം വിശദീകരിച്ചു കൊടുക്കുവാനും ചരിത്രകഥകളും ഐതിഹ്യങ്ങളുമൊക്കെ പറഞ്ഞുകൊടുക്കുവാനും പരിചയ സമ്പന്നരായ ഗൈഡുകളുണ്ട്. ടൂറിസം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഈ ഗൈഡുമാരുടെ നിരക്കുകളും വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. ഇന്തോ ആര്യന്‍ ശില്‍പ ചാരുതയില്‍ പണികഴിപ്പിച്ച ഈ ക്ഷേത്രമാണ് ഉദൈപൂരിലെ ഏറ്റവും വലുതും കമനീയമായതുമെന്നാണ് തോന്നുന്നത്.

പിച്ചോള തടാകം . മഹാറാണ ഉദയ് സിംഗ് രണ്ടാമന്‍ നിര്‍മിച്ച മനോഹരമായ തടാകമാണിത്. മലകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, സ്‌നാനഘട്ടങ്ങള്‍, എന്നിവയും ഈ തടാകത്തെ ചുറ്റിപ്പറ്റിയാണ്. വിവിധ തരത്തിലുള്ള ബോട്ട് യാത്രകളാണ് ഇവിടുത്തെ പ്രദാന വിനോദം. സിറ്റി പാലസും ലോക്ക് പാലസുമൊക്കെ ഈ തടാകത്തോട് ചേര്‍ന്നാണ്. ഐതിഹാസികമായ പല വിവാഹ ചടങ്ങുകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും പേരുകേട്ട സിറ്റി പാലസിന്റെ പശ്ചാത്തല ഭംഗിയൊരുക്കുന്നതില്‍ പിച്ചോള തടാകത്തിന്റെ പങ്ക് ചെറുതല്ല.

പിച്ചോള തടാകത്തിലൈ രണ്ട് ദ്വീപുകളാണ് ജഗ് മന്ദിറും ജഗ് നിവാസും. ദൃശ്യഭംഗിയുടെ വിസ്മയം തീര്‍ക്കുന്ന ജഗ് നിവാസാണ് ലേക്ക് പാലസ് എന്നറിയപ്പെടുന്നത്. പിച്ചോള തടാകത്തിന്റെ ഏകദേശം മധ്യേയായി വിശാലമായ നാല് ഏക്കര്‍ ദ്വീപില്‍ വെളള മാര്‍ബിളില്‍ പണിതീര്‍ത്ത ഈ ദൃശ്യവിസ്്മയം കാണേണ്ടത് തന്നെയാണ്. 1746 ല്‍ മഹാറാണ ജഗത് സിംഗ് സുഖവാസത്തിനായി പണികഴിപ്പിച്ച മന്ദിരമാണിത്. പിന്നീടത് പഞ്ചനക്ഷത്ര ഹോട്ടലായി മാറ്റുകയാണുണ്ടായത്. ലോകത്തെ ഏറ്റവും റൊമാന്റിക് ഹോട്ടല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമുച്ഛയം ഇപ്പോള്‍ താജ് ഹോട്ടല്‍ എന്നാണ് അറിയപ്പെടുന്നത്. ലോകോത്തരം നിലവാരത്തില്‍ സ്വദേശികളേയും വിദേശികളേയും ആകര്‍ഷിക്കുവാന്‍ പോന്ന രീതിയിലാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ അതികായരായ താജ് ഗ്രൂപ്പ് ഈ ഹോട്ടലിനെ സംവിധാനിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മധുവിധു ആഘോഷിക്കുവാന്‍ മാത്രമായി നൂറ് കണക്കിന് സന്ദര്‍ശകര്‍ എത്താറുണ്ടെന്നാണ് കണക്ക്. ഇവിടെ ഒരു ദിവസം താമസിക്കുവാന്‍ ഏകദേശം അമ്പതിനായിരം രൂപ ചിലവ് വരും. താജ് പാലസിലെ രാജകീയ വരവേല്‍പും സ്വീകരണങ്ങളും അവിസ്മരണീയമായ അനുഭവമാണ് ഏവര്‍ക്കും സമ്മാനിക്കുക. കുറച്ചുനേരത്തേക്കെങ്കിലും കരീടവും ചെങ്കോലമുള്ള പ്രതാപവാനായ രാജാവായി സ്വപ്‌ന യാത്ര ചെയ്യുവാന്‍ ലേക്ക് പാലസ് സന്ദര്‍ശനം സഹായിക്കും.

മഹാറാണ ജഗത് സിങ്ങ് ഒന്നാമന്‍ പിച്ചോള തടാകത്തില്‍ 1620ല്‍ പണി തീര്‍ത്ത ജലകൊട്ടാരമാണ് ജഗ്മന്ദിര്‍. അതിമനോഹരമായ കൊത്തുപണികളും ശില്‍പ്പങ്ങളും അലങ്കരിക്കുന്ന ഈ കൊട്ടാരത്തിന്റെ ചുമരില്‍ കൊത്തിവെച്ച ആനകളുടെ നിര അവ ദ്വീപിനും കൊട്ടാരത്തിനും കാവല്‍നില്‍ക്കുകയാണെന്ന് തോന്നിപ്പിക്കും വിധമാണ് സംവിധാനിച്ചിരിക്കുന്നത്. വെണ്ണകല്ലില്‍ തീര്‍ത്ത മനോഹര ശില്‍പ്പങ്ങളും ഒളിസങ്കേതങ്ങളും ഈ സമുച്ചയത്തിലുണ്ട് 1623-24 കാലത്ത് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെതിരെ കലാപകൊടിയുയര്‍ത്തിയ മകന്‍ ഖുറം ഒളിച്ചിരുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു.

പിച്ചോള തടാകത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹവേലിയാണ് ബഗോരെ കി ഹവേലി്. രജപുത്‌ന പൈതൃവും, സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന ഒരു ഗ്യാലറി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ടര്‍ബന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള അകാംക്ഷയുണ്ടെങ്കില്‍ മ്യൂസിയത്തിലെ ഒരു മണിക്കൂറുള്ള നൃത്തപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.

(തുടരും)

Dr Amanulla Vadakkangara