ഫത്തേഹ് സാഗർ തടാകം

ഉദയ്പൂരിലെ തടാകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഫത്തേഹ് സാഗര്‍ തടാകം. മൂന്ന് ഭാഗങ്ങളിലും കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിന്റൈ വടക്കുഭാഗത്ത് പ്രതാപ് മെമ്മോറിയലാണ്. 1678 ല്‍ മഹാറാണ ജയ്‌സിംഗാണ് ഈ തടാകം നിര്‍മിച്ചതെത്രേ.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 6

കിഴക്കിലെ വെനീസെന്ന് ഉദയ്പൂരിനെ വെറുതെയല്ല വിശേഷിപ്പിക്കുന്നത്. നിരവധി കാഴ്ചകള്‍ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കിലും ഫത്തേ സാഗര്‍ ലേക്ക് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. മൂന്ന് ദ്വീപുകളാണ് ഈ തടാകത്തില്‍ സ്ഥിതി ചെയ്യുന്നത്. എല്ലാ ദ്വീപിലും പാര്‍ക്കുകള്‍ ഉണ്ട്. ഈ പാര്‍ക്കിലേക്ക് ബോട്ട് സര്‍വ്വീസുകളും ഉണ്ട്. സന്ധ്യാസമയത്ത് സൂര്യസ്തമയത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഇവിടേക്ക് വരാവുന്നതാണ്.

ഉദയ്പൂരിലെ തടാകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ഫത്തേഹ് സാഗര്‍ തടാകം. മൂന്ന് ഭാഗങ്ങളിലും കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ തടാകത്തിന്റൈ വടക്കുഭാഗത്ത് പ്രതാപ് മെമ്മോറിയലാണ്. 1678 ല്‍ മഹാറാണ ജയ്‌സിംഗാണ് ഈ തടാകം നിര്‍മിച്ചതെത്രേ. എന്നാല്‍ കനത്ത മഴയില്‍ സാരമായ കേടുപാടു പറ്റിയ ഈ തടാകം മഹാറാണ ഫതേഹ് സിംഗ് പുനര്‍മിര്‍മിക്കുകയായിരുന്നു. അങ്ങനെയാണ് ഈ തടാകത്തിന് ഫത്തേഹ് സാഗര്‍ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്.

ഫത്തേഹ് സാഗര്‍ തടാകത്തിന്റെ കരയില്‍ പോകാന്‍ പറ്റിയ സമയം വൈകുന്നേരമോ രാത്രിയോ ആണ് . വൈകുന്നേരമാകുന്നതോടെ തടാകത്തിന്റെ ഓരങ്ങളില്‍ ജനങ്ങള്‍ നിറയും. വിവിധ തരത്തിലുള്ള വഴി വാണിഭക്കാരുടെ സാന്നിധ്യം സന്ദര്‍ശനത്തിന് ഹരം പകരുന്നു. കടലയും ചോളവും ഐസ്‌ക്രീമുമൊക്കെ നുകര്‍ന്ന് മണിക്കൂറുകളോളമാണ് പലരും ഈ തടാകത്തിന്റെ കരയില്‍ ശുദ്ധവായു ശ്വസിച്ച് സാമൂഹ്യ ജീവിതത്തിന്റെ വിലപ്പെട്ട നിയോഗം നിറവേറ്റുന്നത്. കുടുംബങ്ങളും കൂട്ടുകാരുമൊക്കെ കൂട്ടം കൂട്ടമായി ഒഴുകുന്ന ഈ തടാകപരിസരം വൈകുന്നേരങ്ങളില്‍ ജനസാഗരമാകാറുണ്ട്.

തടാകക്കരയിലൂടെ വെറുതെ കാറ്റും കൊണ്ട് കാഴ്ചകള്‍ കണ്ടു നടക്കാന്‍ നല്ല രസമാണ്. ഒരു ഭാഗത്തു നിറയെ രാജസ്ഥാനി, ഉത്തരേന്ത്യന്‍ ഭക്ഷണ ശാലകളാണ്. മറു ഭാഗത്തു യാത്രക്കാരെയും കൊണ്ട് കറങ്ങാന്‍ ബോട്ടുകള്‍ റെഡി ആയി നില്‍ക്കുന്നു.. തടാകക്കരയില്‍ പലരും ജീവിക്കാന്‍ വേണ്ടി ഞാണിന്മേല്‍ കളി നടത്തുന്നു, ചിലര്‍ കുതിരപ്പുറത്തും ഒട്ടകപ്പുറത്തും സവാരി നടത്തുന്നുണ്ട്, ഇതിലൊന്നും താല്‍പര്യമില്ലാത്തവര്‍ സ്വസ്ഥമായ വിശ്രമത്തിന് സമയം കണ്ടെത്തുന്നു.

ഫത്തേഹ് സാഗര്‍ തടാകത്തിന്റെ കരയില്‍ തന്നെയുള്ള മഹാറാണാ പ്രതാപ് സ്മാരകവും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ഒരു ചെറിയ കുന്ന് കയറി വേണം മഹാറാണാ പ്രതാപ് സ്മാരകത്തിലേക്കു പോകാന്‍. പോകുന്ന വഴിക്കാണ് ഹാള്‍ ഓഫ് ഹീറോസ് എന്നറിയപ്പെടുന്ന ഒരു ഗാലറി ഉള്ളത്. പ്രശസ്തരായ രജപുത്ര വ്യക്തികളുടെ ചരിത്രവും ഫോട്ടോകളും ഇവിടുണ്ട്. യുദ്ധക്കളത്തില്‍ വിജയം അല്ലെങ്കില്‍ മരണം എന്ന രീതിയില്‍ പോരാടിയിരുന്ന രജപുത്ര രാജാക്കന്മാരെ ഓര്‍മ്മിക്കാന്‍ ഉള്ളതാണ് ഈ മ്യൂസിയം. മേവാര്‍ രാജവംശത്തിനു 3 സുപ്രധാന കൊട്ടകളാണ് ഉണ്ടായിരുന്നത്. അത്ര പെട്ടെന്നൊന്നും തകര്‍ക്കാന്‍ പറ്റാത്ത ശക്തി ദുര്‍ഗങ്ങളായിരുന്നു അവ. 1. ചിറ്റോര്‍ഗര്‍ഹ് 2. ഉദൈപൂര്‍ 3. കുമ്പേള്‍ഗര്‍ഹ്. ഇവയുടെ മാതൃകകളും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജഭരണത്തിന്റേയും പ്രതാപത്തിന്റേയും മാത്രമല്ല യുദ്ധ തന്ത്രങ്ങളുടേയും സുരക്ഷ മുന്നൊരുക്കങ്ങളുടേയും സന്ദേശങ്ങളും പാഠങ്ങളുമൊക്കെ ഈ ഗാലറിയുടെ വരികള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കാം.

ഹാള്‍ ഓഫ് ഹീറോസില്‍ നിന്നു കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ മഹാറാണാ പ്രതാപ് സ്മാരകത്തില്‍ എത്തും. മേവര്‍ രാജവംശത്തിന്റെ ചരിത്രത്തില്‍ മഹാറാണാ പ്രതാപും അദ്ധേഹത്തിന്റെ ചേതക് എന്ന കുതിരയും തങ്ക ലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. 1576 ല്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധം ആണ് മഹാറാണാ പ്രതാപിന്റെ കാലത്തെ ഏറ്റവും സുപ്രധാന സംഭവം.. കുമ്പേള്‍ഗര്‍ഹ് കോട്ടയുടെ പതനത്തിനു ശേഷം അക്ബര്‍ ചക്രവര്‍ത്തി ഉദയ്പൂരിന് നേരെ തിരിഞ്ഞു. ഗുജറാത്തിലേക്കുള്ള സുഗമമായ കച്ചവട പാതയില്‍ മുഗളന്മാര്‍ക്കു മുന്നില്‍ ഉദൈപൂരും മഹാറാണാ പ്രതാപും മാത്രമായിരുന്നു ഏക വെല്ലുവിളി. മുഗളന്മാര്‍ക്കു എക്കാലവും തലവേദനയായിരുന്ന രജപുത്രരെ അക്ബര്‍ ചക്രവര്‍ത്തിയാണ് ഒതുക്കിയത്.. അതിനദ്ദേഹം കണ്ടെത്തിയ വഴി ലളിതമായിരുന്നു. രജപുത്ര പ്രമുഖരെയൊക്കെ മുഗള്‍ ഭരണ സംവിധാനത്തില്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കി അവരോധിച്ചു. അക്ബറിന്റെ ഭാര്യ ജോധ്ബായി ഒരു രജപുത്ര രാജകുമാരി ആയിരുന്നു എന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ഒരു ഭാഗത്തു മുഗള സൈന്യാധിപന്‍ മാന്‍സിംഗും മറുഭാഗത്തു മഹാറാണാ പ്രതാപും സഹായികളായി ഹക്കിം ഖാന്‍ സൂറും ഒക്കെ അണി നിരന്ന പോരാട്ടമായിരുന്നു ഹാല്‍ദിഗാട്ടിയിലേതു. പരിക്ക് പറ്റിയ മഹാറാണാ പ്രതാപ് വിജയകരമായി അവിടെ നിന്നു രക്ഷപ്പെട്ടു.. ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും പില്‍ക്കാലത്തു അദ്ദേഹം ഉദൈപൂര്‍ തിരികെ പിടിച്ചു.

അദ്ധേഹത്തിന്റെ ഓര്‍മക്കായി ചേതക് എന്ന അദ്ധേഹത്തിന്റെ കുതിരയുടെ പുറത്തേറിയ ഒരു പ്രതിമ അവിടെയുണ്ട്. ചുറ്റും സന്ദര്‍ശകര്‍ക്ക് ഇരിക്കാനും ഉദൈപൂര്‍ നഗരത്തിന്റെ രാത്രി കാഴ്ചകള്‍ ആസ്വദിക്കാനും പറ്റിയ സൗകര്യങ്ങളും.

വീര ശൂര പരാക്രമികളായ രജപുത്ര രാജാക്കന്മാരുടെ ഓര്‍മകളും ഒരു പിടി ചോദ്യങ്ങളാണ് പല ടൂറിസ്റ്റുകളും ഉന്നയിക്കാറുള്ളത്. ഇത്ര ധീരന്മാരും പരാക്രമികളുമായിട്ടും എന്ത് കൊണ്ടായിരിക്കും എല്ലാ സുപ്രധാന യുദ്ധങ്ങളിലും അവര്‍ പരാജയപ്പെട്ടത് ? കറുപ്പിന്റെ വ്യാപകമായ ഉപയോഗം പലപ്പോഴും യുദ്ധക്കളത്തില്‍ അവര്‍ക്ക് വിനയായി എന്നൊക്കെ ചില വാദങ്ങളുണ്ട്. മാത്രമല്ല വിജയം അല്ലെങ്കില്‍ മരണം എന്ന മന്ത്രവുമായി പടക്കളത്തില്‍ ഇറങ്ങുന്ന അവര്‍ ഒരിക്കലും പ്ലാന്‍ ബി തയ്യാറാക്കാറില്ലായിരുന്നുവത്രെ. അതും എതിരാളികളുടെ അപ്രതീക്ഷിത യുദ്ധ തന്ത്രങ്ങള്‍ക്കിടയില്‍ അവര്‍ക്കു തിരിച്ചടിയായിട്ടുണ്ടാവാം എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്.

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയാണ് കുംഭല്‍ഗഡ് ഫോര്‍ട്ട്. നഗരത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ മതില്‍ 30കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുകയാണ്. നല്ല അനുഭവങ്ങള്‍ക്കായി കോട്ട ചുറ്റിക്കാണാവുന്നതാണ്.

അഹര്‍ സെനോതാഫ്‌സ്. രാജകുടുംബാംഗങ്ങളെ അടക്കം ചെയ്തിരിക്കുന്ന സ്ഥലവും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. ചരിത്രകാരന്മാാരേയും, വിനോദസഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഇടമാണ് ഇവിടം. പത്താം നൂറ്റാണ്ടിലെ അപൂര്‍വ്വ സ്മാരകങ്ങളുടെ ശേഖരങ്ങളുള്ള ആര്‍ക്കയോളജിക്കല്‍ മ്യൂസിയവും ഇവിടുത്തെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ഉദൈപൂര്‍ സന്ദര്‍ശിക്കുന്നവര്‍ , ചിറ്റോര്‍, കുമ്പേള്‍ഗര്‍ഹ്, മൗണ്ട് അബു എന്നിവ ഉള്‍പ്പെടുത്തി ടൂര്‍ ഡിസൈന്‍ ചെയ്യുന്നതാണ് നല്ലത്. മേവാര്‍ രാജവംശത്തിന്റെ സംഭവ ബഹുലമായ ജീവിത യാത്രയുടെ മങ്ങാത്ത ഓര്‍കളും കാഴ്ചകളും ഒപ്പിയെടുക്കാനും ചരിത്രത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി വിലയിരുത്താനും ഇത് സഹായകമാകും.

(തുടരും)

Dr Amanulla Vadakkangara