അണ്ടർ ദ സൺ അക്വാറിയം
ഉദയ്പൂരിലെ ഏറ്റവും പുതിയ കാഴ്ചകളിലൊന്നാണ് അണ്ടര്‍ ദ സണ്‍ അക്വാറിയം. ഇന്ത്യയിലെ ഏറ്റവും വലിയ അക്വാറിയമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 7
ഉദയ്പൂരിലെ ഏറ്റവും പുതിയ കാഴ്ചകളിലൊന്നാണ് അണ്ടര്‍ ദ സണ്‍ അക്വാറിയം. ഇന്ത്യയിലെ ഏറ്റവും വലിയ അക്വാറിയമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 5 കോടി രൂപ ചിലവില്‍ നിര്‍മിച്ച ഈ അക്വാറിയം 2017 ഒക്ടോബര്‍ 21 നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. നിത്യവും നൂറ് കണക്കിന് സന്ദര്‍ശകരെത്തുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം അനുദിനം വികസിപ്പിച്ചുവരികയാണ്. കുട്ടികളേയും വിദ്യാര്‍ഥികളേയും പ്രത്യേകം ആകര്‍ഷിക്കുന്ന തരത്തിലുള്ള പല സംവിധാനങ്ങളും അക്വാറിയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.
180 ഓളം ഇനങ്ങളില്‍പ്പെട്ട മീനുകളുള്ള ഈ അക്വോറിയത്തിലെ ജലത്തിന്റെ അളവ്, മല്‍സ്യങ്ങളുടെ എണ്ണം, ഇനം മുതലായവ പരിഗണിച്ചാണ് ഇന്ത്യയിലൈ ഏറ്റവും വലിയ അക്വാറിയമെന്നപേരില്‍ അണ്ടര്‍ ദ സണ്‍ അക്വാറിയം അറിയപ്പെടുന്നത്.
ഭംഗിയുള്ള വിവിധ തരം അലങ്കാര മല്‍സ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുവാനുള്ള സൗകര്യമാണ് നിരവധി സന്ദര്‍ശകരെ ഈ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നത്. അക്വാറിയത്തിന്റെ നിറമുള്ള ഓര്‍മകളുമായി സന്ദര്‍ശകര്‍ക്ക് മടങ്ങാം. വിദ്യാര്‍ഥികള്‍ക്കും വിശിഷ്യാ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ഗവേഷണ സംബന്ധമായ ഏറ്റവും വലിയ റഫറന്‍സായും അക്വാറിയം മാറുകയാണ്.
125 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗാലറിയില്‍ ചെറുതും വലുതുമായ നിരവധി അക്വാറിയങ്ങളുണ്ട്. ഓരോ തരം മല്‍സ്യങ്ങള്‍ക്കും അനുയോജ്യമമായ പശ്ചാത്തലത്തിലാണ് അക്വാറിയത്തിലെ ഓരോ ഭാഗവും സജ്ജീകരിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവിടേക്കുള്ള മല്‍സ്യങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. സൗത്ത് അമേരിക്ക, ബ്രസീല്‍, സെനഗല്‍, ജപ്പാന്‍, ആഫ്രിക്ക, മലേഷ്യ, കോംഗോ, ഇന്തോനേഷ്യ, അമേരിക്ക, ചൈന തുടങ്ങി നിരവധി ലോക രാജ്യങ്ങളില്‍ നിന്നുളള വിവിധ തരം മല്‍സ്യങ്ങള്‍ ഈ അക്വാറിയത്തെ അലങ്കരിക്കുന്നു. കടല്‍ മല്‍സ്യങ്ങള്‍ അധികവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ളവയാണ്. ഓരോ തരം മല്‍സ്യങ്ങള്‍ക്കും അനുയോജ്യമായ സംരക്ഷണവും തീറ്റയും പരിചരണവുമൊക്കെ നല്‍കുന്നതിനുള്ള പരിചയ സമ്പന്നരായവരുടെ നേതൃത്വമാണ് ഈ അക്വാറിയത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ തരം മല്‍സ്യങ്ങളുടെ വളര്‍ച്ചയും പ്രജനനവുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുവാനും പ്രത്യേക സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ലോകാടിസ്ഥാനത്തില്‍ തന്നെ വിരളമായി മാത്രം കാണപ്പെടുന്ന മോര്‍മിറസ്, റൂമി, അലിഗേറ്റര്‍ ഗാര്‍ഡ്, മറൈന്‍ വാട്ടര്‍ സ്റ്റിംഗ് ഗ്രേ, സെനഗാള്‍ ഡ്രാഗണ്‍സ്, പഫ്ഫര്‍ ഫിഷ്, ആര്‍ച്ചര്‍ ഫിഷ് മുതലായവും കടല്‍ ജീവികളായ സീ ഉര്‍കിന്‍സ്, സീ അനിമോണ്‍, ഫയര്‍ ബെല്ലി ന്യൂട്‌സ്, ഇന്തോനേഷ്യന്‍ മഡ് ക്രാബുകള്‍, ഹെര്‍മിറ്റ് ക്രാബ്‌സ്, അല്‍ ബിനോ ഫ്രോഗ്‌സ്, ഫ്രഷ് വാട്ടര്‍ സ്‌കാമ്പി തുടങ്ങി വിവിധയിനം മല്‍സ്യങ്ങളും കടല്‍ ജീവികളും ഈ അക്വാറിയത്തിന്റെ കാഴ്ചയുടെ വൈവിധ്യത്തിനപ്പുറം വിദ്യാഭ്യാസ ഗവേഷണപ്രാധാന്യമാണ് അടയാളപ്പെടുത്തുന്നത്.
മറൈന്‍ വിഭാഗത്തിലുള്ള വൈവിധ്യവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ആകര്‍ഷകമായ നിരവധി മല്‍സ്യങ്ങളാണ് ഇവിടെയുള്ളത്. വ്യത്യസ്ഥങ്ങളായ അഞ്ച് മറൈന്‍ അക്വാറിയങ്ങളാണ് അണ്ടര്‍ ദ സണ്‍ അക്വാറിയത്തിന്റെ ഭാഗമമായുള്ളത്.
വിജ്ഞാനവും വിനോദവും സമജ്ഞസമായി സമന്വയിപ്പിച്ചാണ് അക്വാറിയത്തിലൈ ഓരോ ഭാഗങ്ങളും സംവിധാനിച്ചിരിക്കുന്നത്. അക്വാറിയത്തിലേക്ക് കടക്കുന്നതോടെ മനോഹരമായ സംഗീതം പരന്നൊഴുകുകയായി. കരളിന് കുളിര് പകരുന്ന സംഗീതവും നയനാന്ദകരമായ കാഴ്ചകളും ലൈറ്റിംഗ് അറേജ്‌മെന്റുകളുമൊക്കൈ വിസ്മയങ്ങളുടെ മാസ്മരിക പ്രഭാവം സൃഷ്ടിക്കുമ്പോള്‍ ഓരോ സന്ദര്‍ശകനും അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അത്യാകര്‍ഷകവും മനോഹരവുമായ ഒരു വാസ്തു ശില്‍പത്തിലൂടെ കടന്നുപോകുന്ന പ്രതീതി. നിര്‍മാണ ചാരുതയും മല്‍സ്യങ്ങളുടെ നൃത്തനൃത്യങ്ങളുമൊക്കെ സന്ദര്‍ശകന്റെ മനം കവരുന്നവയാണ്.
മല്‍സ്യങ്ങളുടെ പ്രകൃതിപരമായ വളര്‍ച്ചാപശ്ചാത്തലം ഉറപ്പുവരുത്തുന്നതിനായി കൈലാശ് ഖണ്ടേല്‍വാല്‍ നേതൃത്വം നല്‍കുന്ന മന്‍ശാപൂര്‍ണ് കര്‍ണിമാതാ റോപ് വേ കമ്പനിയാണ് ഈ അക്വാറിയം നിര്‍മിച്ചത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കത്തക്ക തരത്തില്‍ പ്രൊഫഷണലായി അക്വാറിയം മാനേജ് ചെയ്യുന്നതും ഇതേ കമ്പനിയാണ്. ഗ്രീന്‍ ഇന്റീരിയേര്‍സിന് പേര് കേട്ട അജ്ഞലി ആസാദ് ദുബേ അക്വാറിയത്തിന്റെ ഇന്റീരിയര്‍ ജോലികള്‍ക്ക് നേതൃത്വം നല്‍കിയത്. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്യ ജീവി സംരക്ഷണ മേഖലയില്‍ പ്രശസ്തനായ ആശിഷ് മഹേഷ് ബാഗ്ലയാണ് ഈ പ്രൊജക്ടിന്റെ കണ്‍സല്‍ട്ടന്റ്. വിവിധ തരം മല്‍സ്യങ്ങളെ വാങ്ങുന്നതിനും അവയെ സുരക്ഷിതമായി വളര്‍ത്തുന്നതിനുമൊക്കെ ബാഗ്ലയുടെ വിദഗ്‌ധോപദേശം ഏറെ സഹായകമാണ്. പല സ്ഥലങ്ങളില്‍ നിന്നുമുളള ഫിഷറീസ് വിദ്യ.ാര്‍ഥികള്‍ക്ക് പഠന പരീക്ഷണ ഗവേഷണ സഹായങ്ങളും അദ്ദേഹം ചെയ്തുവരുന്നുണ്ട്.
ലോക പ്രശസ്ത കലാകാരനായ എ.പി ശ്രീധറിന്റെ ലോകത്തില്‍ തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന അക്വാടിക് തീം ബൈസ്ഡ് ക്‌ളിക് ആര്‍ട് മ്യൂസിയം ഈ അക്വാറിയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ പ്രഥമ അക്വാ വൈവ് വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് അണ്ടര്‍ ദ സണ്‍ അക്വാറിയത്തിന്റെ മാത്രം പ്രത്യേകതയാകാം. ലോകോത്തരമായ വെര്‍ച്വല്‍ റിയാലിറ്റി സംവിധാനത്തില്‍ 360 ഡിഗ്രി എന്‍വയണ്‍മെന്റില്‍ കടല്‍ ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കുന്ന സവിശേഷമായ സജ്ജീകരണമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. ടച്ച് പൂളില്‍ മല്‍സ്യങ്ങളെ തൊട്ടുതലോടാനും തീറ്റകൊടുക്കുവാനുമുളള അവസരവും ഇവിടെയുണ്ട്.
ശരീരം നനയാതെ ഫിഷ് ടാങ്കില്‍ കിടന്ന് അണ്ടര്‍വാട്ടര്‍ എക്‌സിപീരിയന്‍സ് അനുഭവിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക ഒ.എം.ജി. ഫിഷ് ടാങ്കാണ് മറ്റൊരു പ്രത്യേകത. മല്‍സ്യങ്ങളുടെ പശ്ചാത്തലത്തില്‍ ആഹാരം കഴിക്കാനും ഫോട്ടോ എടുക്കുന്നതിനുമുള്ള സൗകര്യം, അക്യാടിക് ലൈഫ് സംബന്ധിച്ച വിവരങ്ങളും സോവനീറുകളും ശേഖരിക്കലും അക്വാറിയം സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
മുതിര്‍ന്നവര്‍ക്ക് 118 രൂപയും കുട്ടികള്‍ക്ക് 47 രൂപയും വിദേശികള്‍ക്ക് 236 രൂപയുമാണ് അക്വാറിയം കാണുന്നതിനുള്ള ചാര്‍ജ്. ആര്‍ട് മ്യൂസിയം സന്ദര്‍ശിക്കുന്നതിന് 100 രൂപയും വെര്‍ച്വല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സിന് 118 രൂപയും അധികം നല്‍കണം. രാവിലെ 8 മണി മുതല്‍ രാത്രി 11 മണിവരെ സന്ദര്‍ശനംം സാധ്യമാണ്.
റോപ് വേ റൈഡ് കൂടാത ഉദൈപൂര്‍ സന്ദര്‍ശനം അപൂര്‍ണമാണ് എന്ന തലവാചകത്തോടെയാണ് റോപ് വേ മാനേജ്‌മെന്റ് സന്ദര്‍ശകരെ ക്ഷണിക്കുന്നത്. മാനസ പൂര്‍ണ കര്‍ണി മാതാ റോപ് വേ എന്നറിയപ്പെടുന്ന ഈ സേവനം പിച്ചോള തടാകത്തത്തിന് സമീപമുള്ള ദീന്‍ ജയാല്‍ പാര്‍ക്ക് കുന്നില്‍ നിന്നും കര്‍ണിമാതാ ക്ഷേത്രത്തിന് സമീപമുള്ള മച്ചോല കുന്നിലേക്കാണ് സന്ദര്‍ശകരെ കൊണ്ടുപോവുക. കാബിള്‍ കാറിനെ ഗെണ്ടോല സര്‍വീസ് എന്നും വിളിക്കാറുണ്ട്.
ഉദയ്പൂര്‍ നഗരത്തിന്റെ ആകാശ കാഴ്ചകളും ദൃശ്യ വിസ്മയങ്ങളും സമ്മാനിക്കുന്ന റൈഡാണിത്. സൂര്യാസ്തമയം ഇവിടുത്തെ ഏറെ സവിശേഷമായ കാഴ്ചയാണ്. കുന്നുകളും മലമടക്കുകളുമൊക്കെ കണ്ണു നിറയെ കണ്ടാസ്വദിക്കുവാന്‍ പ്രത്യേകം സ്‌പോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുത്ത് പ്രകൃതിയുടെ മനം മയക്കുന്ന ഭംഗിയില്‍ ലയിച്ചുമാണ് സന്ദര്‍ശകര്‍ കൊണ്ടോല സര്‍വീസ് ആസ്വദിക്കുന്നത്. വൈകുന്നേരങ്ങളില്‍ നിറമുളള ലൈറ്റുകളും തോരണങ്ങളും അലങ്കാരം ചാര്‍ത്തുന്ന വര്‍ണപ്രപഞ്ചം കാഴ്ചയുടെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നു. പിച്ചോള തടാകം, ഫതേഹ് സാഗര്‍ തടാകം, വിസ്മയിപ്പിക്കുന്ന സിറ്റി പാലസ് സമുച്ഛയം, സജ്ജന്‍ ഗര്‍ ഫോര്‍ട്ട്, അരവാലി പര്‍വത നിരകള്‍ മുതലായവയുടെ ആകാശ കാഴ്ചയുടെ ദൃശ്യ ഭംഗി തന്നെ റോപ് വേ റൈഡ് അവിസ്മരണീയമാക്കാന്‍.
രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ റോപ് വേ റൈഡ് സാധ്യമാണെങ്കിലും സൂര്യാസ്തമയത്തോടനുബന്ധിച്ച നേരമാണ് സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്. ഇവിടുത്തെ സൂര്യാസ്തമനത്തിന്റെ ഭംഗി അവിസ്മരണീയമാണ്.
(തുടരും)