ഹോട്ടൽ ഡി കേരള

ചന്ദ്രനില്‍ പോയാലും ചായക്കട നടത്തുന്ന മലയാളിയെ കാണുമെന്നാണ് തമാശയായി പറയാറുളളത്. ലോകത്തിന്റെ ഏത് മൂലയിലും മലയാളി കഫ്തീരിയകളും റസ്റ്റോറന്റുകളും വ്യാപകമായി കാണും എന്ന അര്‍ഥത്തിലാണ് അങ്ങനെ പറയുന്നത്.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 8

ചന്ദ്രനില്‍ പോയാലും ചായക്കട നടത്തുന്ന മലയാളിയെ കാണുമെന്നാണ് തമാശയായി പറയാറുളളത്. ലോകത്തിന്റെ ഏത് മൂലയിലും മലയാളി കഫ്തീരിയകളും റസ്റ്റോറന്റുകളും വ്യാപകമായി കാണും എന്ന അര്‍ഥത്തിലാണ് അങ്ങനെ പറയുന്നത്. അമേരിക്കയിലും യൂറോപ്പിലും ലണ്ടനിലും മലേഷ്യയിലുമൊക്കെയുള്ള യാത്രകളില്‍ ഇക്കാര്യം അനുഭവിച്ചറിഞ്ഞതുമാണ്. മലയാളി സന്ദര്‍ശകര്‍ എവിടെ ചെന്നാലും മലയാളി റസ്റ്റോറന്റുകള്‍ അന്വേഷിക്കുന്നത് ഗൃഹാതുരത്വം കൊണ്ട് മാത്രമല്ല. തനി നാടന്‍ വിഭവങ്ങളോടുള്ള താല്‍പര്യവും സവിശേഷമായ ഭക്ഷണ ശീലങ്ങളും ഉള്ളതുകൊണ്ടുമാണ്. എന്നാല്‍ കൂലി പൊതുവേ കുറവായതുകൊണ്ടാണെന്ന് തോന്നുന്നു ഉദൈപൂരില്‍ മലയാളികളുടേതായി അധികം റസ്റ്റോറന്റുകളൊന്നും കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എത്തിപ്പെടാത്ത ഏതെങ്കിലും മേഖലകളില്‍ മലയാളി റസ്റ്റോറന്റുകളുണ്ടോ എന്നറിയില്ല.

ഉദയ്പൂരിലെ പൊതുവായ രീതിനുസരിച്ച് ഭക്ഷണങ്ങളിലൊക്കെ കൂടുതല്‍ മസാലകളും എണ്ണയും ചേര്‍ക്കുന്നതിനാല്‍ മലയാളികള്‍ക്ക് കൂടുതല്‍ ദിവസം കഴിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഉദയ്പൂരില്‍ രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ മലയാളി റസ്‌റ്റോറന്റ് അന്വേഷിക്കുന്നുണ്ടായിരുന്നു. യാത്രയിലുടനീളം പരതിയെങ്കിലും കണ്ടെത്താനായില്ല. അവസാനം ഗൂഗിളില്‍ പരതിയാണ് ഹോട്ടല്‍ ഡി കേരള എന്ന ഒരു പഴയ റസ്റ്റോറന്റ് കണ്ടെത്തിയത്. ശാസ്ത്രീ സര്‍ക്കിളിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തനി നാടന്‍ ഊണും കറികളും മിതമായ വിലക്ക് നല്‍കുന്ന ഈ റസ്റ്റോറന്റ് ഹരിപ്പാട് സ്വദേശി ഷൈലജി (അശോകന്‍) ഭാര്യ ഗീതയും ചേര്‍ന്നാണ് നടത്തുന്നത്. കേരളീയ ആതിഥ്യ മര്യാദയും സ്‌നേഹവും കാണിക്കുന്ന ഈ ദമ്പതികള്‍ സ്ഥാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വാചാലരായി. 1975 ല്‍ തങ്ങളുടെ ചിറ്റപ്പനന്‍ ഉദയഭാനുവാണ് ഈ സ്ഥാപനം തുടങ്ങിയത്. ഉദയഭാനുവിന്റെ ഭാര്യ ഉദയ്പൂരില്‍ സ്‌ക്കൂള്‍ അധ്യാപികയായിരുന്നു. അന്ന് ധാരാളം മലയാളികള്‍ ഉദയ്പൂരിലുണ്ടായിരുന്നു. ഉദയഭാനുവും കുടുംബവുമാണ് 2003 വരെ ഹോട്ടല്‍ ഡി കേരള നടത്തിയത്.

1979 മുതല്‍ 1994 വരെ വിവിധ ജോലികള്‍ ചെയ്ത് ഉദയ്പൂരില്‍ കഴിഞ്ഞ ഷൈലജിയും ഭാര്യയും 2003 ല്‍ ചിറ്റപ്പന്റെ മരണ ശേഷം സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മലയാളത്തിന്റെ തനി നാടന്‍ വിഭവങ്ങള്‍ നിറഞ്ഞ മനസോടെ നല്‍കി സന്തോഷത്തോടെ ജീവിക്കുകയാണ് ഷൈലജിയും കുടുംബവും. നാടും വീടും വിട്ടു വരുന്ന യാത്രക്കാരായ മലയാളികള്‍ക്ക് സ്വന്തംവീട്ടിലെത്തിയ പ്രതീതിയാണ് ഹോട്ടല്‍ ഡി കേരളയിലെത്തുമ്പോള്‍ ലഭിക്കുന്നത്. സാധാരണ റസ്‌റ്റോറന്റുകള്‍ ചെയ്യുന്നതുപോലെ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി യാതൊരു കൃതിമ ചേരുവകളും ചേര്‍ക്കാതെയാണ് ഇവിടെ വിഭവങ്ങള്‍ വിളമ്പുന്നത്. അതുകൊണ്ട് തന്നെ ഒരിക്കല്‍ ഇവിടുത്തെ ആതിഥ്യം സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നീട് ഉദയ്പൂര്‍ വരുമ്പോഴെക്കെ ഹോട്ടല്‍ ഡി കേരള അന്വേഷിച്ചുവരുമെന്നതാണ് അനുഭവമെന്ന് ഷൈലജി പറഞ്ഞു.

ഷൈലജിയുടെ ഭാര്യ ഗീത തിരുവനന്തപുരം വെള്ളനല്ലൂരില്‍ നിന്നാണ്. അച്ചന്‍ കണ്ണൂരില്‍ നിന്നും അമ്മ മാനന്തവാടിയില്‍ നിന്നുമുള്ളവരാണ്. ഉച്ചയൂണ് തന്നെയാണ് ഇവിടുത്തെ പ്രധാന വിഭവം. മലയാളികള്‍ക്ക് പുറമേ ആന്ധ്രക്കാരും ഹിന്ദിക്കാരുമൊക്ക കേരള ഊണ് ആസ്വദിക്കുവാന്‍ ധാരാളമായി എത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഊണിന് പുറമേ കേരളത്തില്‍ നിന്നുള്ള പല ചരക്ക് വ്യജ്ഞനങ്ങളും ഇവിടെ വില്‍പനക്ക് വെച്ചിട്ടുണ്ട്. മട്ട അരി, തേങ്ങ, പച്ചക്കറികള്‍, മസാലപ്പൊടികള്‍, എണ്ണകള്‍ തുടങ്ങിയവയൊക്കെ മിതമായ വിലയില്‍ ഇവിടെ വാങ്ങാന്‍ ലഭിക്കും. കേരളത്തില്‍ നിന്നും വരുന്ന സാധനങ്ങള്‍ അഹമ്മദാബാദ് വഴിയാണ് ഇവിടെയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ കണ്ടെയിനറുകളിലാണ് സാധനങ്ങള്‍ വരുന്നത്. കിഡ്‌നിക്കും കരളിനുമൊക്കെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഷൈലജി പൊറാട്ട വിരോധിയാണ്. തന്റെ ഹോട്ടലില്‍ പൊറാട്ട വില്‍ക്കാറില്ലെന്ന് മാത്രമല്ല ഇതിനെതിരെ ബോധവല്‍ക്കരിക്കാന്‍ ലഭിക്കുന്ന ഒരു സമയവും അദ്ദേഹം പാഴാക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. മല്‍സ്യവും മാംസവുമൊക്കൈ ഇവിടെ ലഭിക്കും. ചെമ്മീന്‍, നെയ്മീന്‍, അയ്‌കോറ തുടങ്ങിയ ഇനം മീനുകള്‍ക്കൊക്കൈ വലിയ വിലയായതിനാല്‍ അവ നല്‍കാറില്ല. അയില വറുത്തും കറിവെച്ചതുമാണ് സാധാരണയായി ലഭിക്കുക. ബീഫ് വറുത്തത്, മട്ടന്‍ കറി, മട്ടന്‍ കുറുമ, തുടങ്ങിയ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ട്രിപ് അഡ്‌വൈസറില്‍ 5 പോയന്റില്‍ 4.2 റേറ്റിംഗുളള ഈ സ്ഥാപനം ഉപേേഭാക്താക്കളുടെ പ്രീതിയും വിശ്വാസവുമാര്‍ജിച്ചാണ് മുന്നോട്ടുപോകുന്നത്. സാമ്പത്തിക ലാഭത്തോടൊപ്പം തന്നെ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ സന്തോഷമാണ് ഏറ്റവും പ്രധാനമെന്നാണ് ഷൈലജിയുടെ നിലപാട്. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂര്‍ പൂക്കുട്ടി, ഇംഗ്‌ളീഷ് ഫീച്ചര്‍ ഫിലിം ഡയറക്ടര്‍ നിഥിന്‍, ഗുരുപ്രസാദ് സ്വാമികള്‍ തുടങ്ങി പല പ്രമുഖ മലയാളികളും ഇവിടെ ഭക്ഷം കഴിക്കുവാന്‍ വന്നതായി ഷൈലജി പറഞ്ഞു. സ്വാമികള്‍ പലപ്പോഴും അഖിലേന്ത്യാ യാത്രയുടെ ഭാഗമായി വരുമ്പോള്‍ റസ്‌റ്റോറന്റില്‍ പ്രത്യേക സംവിധാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്താറുണ്ട്. സ്വാമികള്‍ ഭക്ഷണത്തിന് വരുന്ന ദിവസങ്ങളില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ റസ്റ്റോറന്റില്‍ പാചകംം ചെയ്യുകയുള്ളൂ.

ഈയടുത്താണ് ഗൂഗിളിലും ട്രിപ് അഡ് വൈസറിലുമൊക്കെ പലരും തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചെഴുതിയ നല്ല അഭിപ്രായങ്ങള്‍ കാണാനിടയായത്. ഇത് ഏറെ സന്തോഷം നല്‍കുന്നതാണ്. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യാറില്ല. പലപ്പോഴും വീണ്ടുമൊരിക്കല്‍ കണ്ടുമുട്ടുമെന്ന് പ്രതീക്ഷപോലുമില്ലാത്ത ഉപഭോക്താക്കളെയാണ് നിത്യവും കാണുന്നത്. എങ്കിലും ആത്മാര്‍ഥമായ സേവനത്തിലൂടെ, മിച്ച വിഭവങ്ങള്‍ വെച്ചു വിളമ്പി ആഹാരം കഴിക്കുവാന്‍ വരുന്നവരുടെ മനസില്‍ സ്ഥാനം പിടിക്കുകയെന്ന പുണ്യ പ്രവര്‍ത്തിയിലൂടെയാണ് ഷൈലജിയും ഗീതയും സായൂജ്യമടയുന്നത്.

കേരളത്തിന് പുറത്തുജീവിക്കുന്ന മലയാളികളുടെ ആതിഥ്യ മര്യാദയുടേയും സ്‌നേഹത്തിന്റേയും മഹനീയ മാതൃക കാത്തുസൂക്ഷിക്കുന്ന ഹോട്ടല്‍ ഡി കേരളയും അതിന്റെ നടത്തിപ്പുകാരായ ഷൈലജി ഗീത ദമ്പതികളും ഓരോ സന്ദര്‍ശകരുടേയും മനസില്‍ ഇടം നേടുന്നത് മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും വിശാലമായ ഭൂമികയിലാണ്.

(തുടരും)

Dr Amanulla Vadakkangara