മൗണ്ട് അബുവിലെ വിസ്മയ കാഴ്ചകൾ

പ്രകൃതി കനിഞ്ഞരുളിയ തെളിനീര്‍ തടാകങ്ങളും കണ്ണിനും കരളിനും കുളിരു പകരുന്ന പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതിയുടെ വിസ്മയചെപ്പുകള്‍ തുറന്നുവെക്കുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൗണ്ട് അബു.

തടാകങ്ങളുടെ താഴ്‌വരയിലൂടെ - 9

അമീര്‍ഖാന്റെ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെയാകാം പലരും മൗണ്ട് അബു എന്ന മനോഹരമായ വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ച് കേല്‍ക്കുന്നത്. പ്രകൃതി കനിഞ്ഞരുളിയ തെളിനീര്‍ തടാകങ്ങളും കണ്ണിനും കരളിനും കുളിരു പകരുന്ന പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതിയുടെ വിസ്മയചെപ്പുകള്‍ തുറന്നുവെക്കുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് മൗണ്ട് അബു. 22 കിലോമീറ്റര്‍ നീളവും 9 കിലോമീറ്റര്‍ വീതിയുമുള്ള പാറക്കല്ലുകളാല്‍ സമൃദ്ധമായ വിശാലമായ പീഠഭൂമിയാണിത്.

രാജസ്ഥാനിലൈ സിരോഹി ജില്ലയില്‍ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മൗണ്ട് അബു ജൈനമതക്കാരുടെ സവിശേഷമായ തീര്‍ഥാനട കേന്ദ്രമാണ് . ഉദയ്പൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്ററില്‍ അധികം അകലെയാണ് ഈ പ്രദേശം. ഗതകാല ശില്‍പചാതുര്യം വ്യക്തമാക്കുന്ന ക്ഷേത്രസമുച്ഛയങ്ങളും മാമലകളും പച്ചിലകാടുകളുമൊക്കെ ഈ കേന്ദ്രത്തിന്റെ ആകര്‍ഷണീയതക്ക് മാറ്റുകൂട്ടുന്നവയാണ്. നദികള്‍, വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, പച്ചക്കാടുകള്‍ തുടങ്ങിയവയുടെ ഉല്‍ഭവ സ്ഥമെന്നതിനാലാവാം മരൂഭൂമിയിലെ മരുപ്പച്ച എന്നാണ് മൗണ്ട്് അബുവിനെ വിക്കിപീഡിയ വിശേഷിപ്പിക്കുന്നത്.

പ്രകൃതി രമണീയതയും ചരിത്ര പാരമ്പര്യങ്ങളും തന്നെയാണ് മൗണ്ട് അബുവിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നത്. പണ്ട് മെവാര്‍ രാജാക്കന്മാരും പ്രഭുക്കന്മാരുമൊക്കെ വെനല്‍ക്കാലത്തെ ചൂടില്‍ നിന്നും രക്ഷനേടുന്നതിനാണ് മൗണ്ട് അബുവില്‍ താവളമടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍മനോഹരമായ കാലാവസ്ഥയോടൊപ്പം ഐതിഹ്യങ്ങളും ടൂറിസ്റ്റുകളെ സ്വാധീനിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.

മൌണ്ട് അബുവിലേക്കുള്ള യാത്ര വയനാടിനെ ഓര്‍മിപ്പിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേ ചുരം, അതേ അരുവികള്‍ ,അതുപോലുള്ള മരങ്ങള്‍ പ്രകൃതിയും ചുറ്റുപാടുമൊക്കെ വയനാടന്‍ ഓര്‍മകളെ അനുസ്മരിപ്പിക്കും. ചുരം .കയറുന്നിടത് തന്നെ മഹാറാണാ പ്രതാപിന്റെ പ്രതിമ ക.ാണാം. മുഗളന്‍മോരോട് സന്ധിയില്ലാതെ പോരാടിയ അദ്ദേഹം മൌണ്ട് അബുവില്‍ എവിടെയോ ആണ് ഒളിച്ചിരുന്നതേ്രത.

പച്ചപ്പിനാല്‍ സമ്പന്നമായ മൗണ്ട് അബു വൈവിധ്യങ്ങളായ വൃക്ഷലതാധികളും പക്ഷി മൃഗാധികളും കൊണ്ട് ധന്യമാണ്. എണ്ണൂറിലധികം വര്‍ഗത്തില്‍പെട്ട ചെടുികളാണ് ഇവിടെ വളരുന്നതെന്നാണ് കണക്ക്. വിവിധ തരം ഓര്‍ക്കിടുകളടക്കം വൈവിധ്യമാര്‍ന്ന പൂക്കളുടേയും ചെടികളുടേയും വലിയ തണല്‍മരങ്ങളുടേയും വിസ്തൃതമായ ലോകം പ്രകൃതി സ്‌നേഹികളെ ഹഠാദാകര്‍ഷിക്കും.

മൗണ്ട് അബു വന്യ ജീവി സങ്കേതം വളരെ പ്രശശ്തമാണ്. 1960 ലാണ് മൗണ്ട് അബു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. ആരവല്ലി പര്‍വതനിരയിലൈ വിശാലമായ പീഠഭൂമിയിലുള്ള മൗണ്ട് അബു വന്യജീവി സങ്കേതം ജന്തു സിനേഹികളുടേയും ഗവേഷകരുടേയും ഇഷ്ട കേന്ദ്രമാണ്. ഇന്ത്യന്‍ കുറുക്കന്‍, കാട്ടു പൂച്ച, സാഹര്‍ മാനുകള്‍ തുടങ്ങിയവ ഇവിടെ ധാരാളമായി കാണാം. നേരത്തെ സിംഹങ്ങളും കടുവകളുമടക്കം നിരവധി വന്യമൃഗങ്ങളുടെ സൈ്വരവിഹാര കന്ദ്രമായിരുന്ന മൗണ്ട് അബുവില്‍ സന്ദര്‍ശക തിരക്കേറിയതോടെ മിക്ക മൃഗങ്ങളും അപ്രത്യക്ഷമായി. ഇപ്പോള്‍ പുള്ളിപ്പുലികളും മറ്റു ചില മൃഗങ്ങളുമൊക്കെയാണ് സാധാരണയായി കാണാറുള്ളത്.

ഏത് തരം തീര്‍ഥാടകരേയും വിനോദ സഞ്ചാരികളേയും ഒരു പോലെ തൃപ്തിപ്പെടുത്തുവാന്‍ പോന്ന ദൃശ്യവൈവിധ്യങ്ങളാണ് മൗണ്ട് അബുവിലുള്ളത്.

പ്രജാപീതാ ബ്രഹ്മകുമാരി, ആധാര്‍ ദേവി ക്ഷേത്രം, അചല്‍ഗര്‍, ഗുരു ശിഖര്‍, ദില്‍വാര ജെയിന് ക്ഷേത്രം, ഹണിമൂണ്‍ പോയിന്റ്, ആര്‍ട്ട് ഗ്യാലറി, നക്കി തടാകം, സണ്‍സെറ്റ് പോയന്റ് , ട്ടോട് റോക്ക് , തുടങ്ങിയവയാണ് മൗണ്ട് അബുവിലെ മുഖ്യ ആകര്‍ഷകങ്ങളെന്ന്് പറയാം. ഇന്‍ഫ്രാറെഡ് ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രധാന ദൂരദര്‍ശിനിയാണ് മൌണ്ട് അബുവിലേത്. മധ്യഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗുരുശിഖാറിന്റെ സമീപത്താണിത് സ്ഥിതിചെയ്യുന്നത്.സമുദ്ര നിരപ്പില്‍ നിന്നും 1680 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ, അന്തരീക്ഷത്തിലെ നീരാവിയുടെ തോത് കുറവാണ് എന്നത്,അധോരുണ നിരീക്ഷണത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. 1.2 മീറ്റര്‍ വ്യാസമുള്ള പാരബോളിക ദര്‍പ്പണമാണിവിടത്തെ ദൂരദര്‍ശിനിയുടെ പ്രധാന ഭാഗം.

രാജസ്ഥാനിലെ സുപ്രധാന ഹില്‍ സ്‌റ്റേഷ മൗണ്ട് അബുവിന് ഈ പേരിനു പിന്നില്‍ ഒരു കഥയുണ്ട്. ശിവ വാഹനമായ വസിഷ്ഠ മുനിയുടെ ആശ്രമത്തിലെ ഗോമതാവ് നന്ദിനി ഒരിയ്ക്കല്‍ ഒരു അഗാധ ഗര്‍ത്തത്തില്‍ വീണപ്പോള്‍ രക്ഷിക്കാനായി വന്ന നാഗ ദൈവമായ അര്‍ബുധ ഇവിടെ എത്തി ചേര്‍ന്നു. അങ്ങിനെ ഇവിടം അര്‍ബുധാരണ്യ എന്നറിയപ്പെടാന്‍ തുടങ്ങി. അര്‍ബുദാരണ്യ ലോപിച്ചാണ് അബു ആയത്.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗാന്ധി ഘട്ട് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ മരണ ശേഷം ചിതാഭസ്മം നിമഞ്ജനം ചെയ്തിരിക്കുന്നത് ഇവിടെയാണ്. ഗാന്ധി ഘട്ട് മുതല്‍ നക്കി തടാകം വരെയുള്ള വശ്യ മനോഹര സ്ഥലങ്ങള്‍ സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും. . മൌണ്ട് അബുവിലെത്തിയാലുടനെ നിങ്ങളാദ്യം പോകുക നക്കി തടാകത്തിലെക്കയിരിക്കും. അത്രയ്ക്ക് വശ്യ ശക്തിയുണ്ട് ഈ തടാകത്തിനും ചുറ്റുമുള്ള പ്രകൃതിക്കും. ഇന്ത്യയിലെ ഒരേയൊരു മനുഷ്യനിര്‍മിത തടാകമാണിത്. മാത്രമല്ല മൌണ്ട് അബുവിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നുകൂടിയാണിത്. നക്കി തടാകത്തിനു ചുറ്റും മനോഹരമായ മലനിരകളാണ്. അതുകൊണ്ട് തന്നെ ഹില്‍ ക്ലൈംബിംഗ് ഇവിടെയെത്തുന്നവരുടെ പ്രധാന വിനോദമാണ്. തടാകത്തിന്റെ ഭംഗി ആസ്വദിച്ച് ബോട്ടിലൂടെ യാത്ര ചെയ്യാനും സൗകര്യമുണ്ട്.

നക്കി ലേക്കാണ് മൗണ്ട് അബുവിലെ പ്രധാന തടാകം. നാല് വശവും മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ കാഴ്ച. നക്കി എന്ന വാക്കിന്റെ അര്‍ത്ഥം നഖം എന്നാണ്. പണ്ട് ദേവന്മാര്‍ നഖങ്ങള്‍ കൊണ്ട് കുഴിച്ചുണ്ടാക്കിയതാണ് ഈ തടാകം എന്നാണ് സങ്കല്‍പ്പം. ദില്‍വാര ക്ഷേത്രത്തിന്റെ ശില്പിയായ രസിയ ബാലം ഒരൊറ്റ രാത്രി കൊണ്ട് നിര്‍മ്മിച്ചതാണ് ഇതെന്നും പറയുന്നുണ്ട്. മനോഹരമായ മലനിരകള്‍ക്ക് നടുവിലാണ് നക്കി തടാകം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ബോട്ടിങ്ങിനും ചെറിയ ഷോപ്പിങ്ങിനും പിന്നെ പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ചു കൊണ്ട് ഫോട്ടോ എടുക്കാനുള്ള അവസരവും ഇവിടുണ്ട്.നക്കി ലേക്കിനു ചുറ്റും നല്ലൊരു ജോഗ്ഗിംഗ് ട്രാക്കും ഉണ്ട്. പലപ്പോഴും രാവിലെയുള്ള നടത്തത്തിനിടയില്‍ വിദേശികളും സ്വദേശികളും ആയ പലരെയും കാണാറുണ്ടായിരുന്നു. ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിച്ച് തടാകത്തിലൂടെ ബോട്ടിങ്ങ് നടത്തുന്നവരെ നോക്കി ഇരിക്കാനും ഓരോന്നും സ്വന്തമായി ആസ്വദിക്കാനുമൊക്കെ അവസരമുണ്ട്. വിവിധ രൂപഭാവങ്ങളില്‍ ഫോട്ടോകളെടുത്തും മൊബൈല്‍ കാമറകളില്‍ വീഡിയോ പിടിച്ചുമൊക്കെ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കുന്ന സഹജീവികളുടെ ആനന്ദാതിരേകം വേറിട്ട കാഴ്ചയാകും. നക്കി തടാകത്തിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു ആമയുടെ ആകൃതിയിലുള്ള ഒരു പാറയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ട്ടോദ് റോക് എന്നാണതിന്റെ പേര്.

ആധാര്‍ ദേവി ക്ഷേത്രം പൗരാണിക ശില്‍പ ഭംഗിയാല്‍ സമ്പന്നമാണ്. 365 പടികള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മനോഹര ദൃശ്യങ്ങള്‍ ആസ്വദിച്ച് സാവകാശം പടികള്‍ കയറുമ്പോള്‍ ഓര്‍മകള്‍ പിറകോട്ട് സഞ്ചരിക്കുകയായിരുന്നു. കലാവിരുതോടെ ശ്രമകരമായ ഈ ദൗത്യം വിജയിപ്പിച്ച ശില്‍പികളേയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നമിച്ചുകൊണ്ടേ നമുക്ക് മുന്നോട്ടുപോകാനാകൂ. പടികളുടെ ഇരു വശവും രാജസ്ഥാനി വളകളും ആഭരണങ്ങളും ചില്ലിട്ടു വെച്ച പെയിന്റിങ്ങുകളും വില്‍ക്കാന്‍ വെച്ച കടകള്‍. ഭക്തി ഗാന സീഡികള്‍ വില്‍പ്പനക്ക് വെച്ച കടകളില്‍ നിന്ന മനോഹരങ്ങളായ ഗാനങ്ങള്‍ ഒഴുകിയെത്തുന്നു. ആരവല്ലി കുന്നിന്‍ മുകളിലെ ഒരു ഗുഹക്കുള്ളില്‍ പാറയുടെ ഉള്ളിലൂടെ കുനിഞ്ഞു കയറിയാലേ ദുര്‍ഗ ദേവിയുടെ വിഗ്രഹത്തിനു മുന്‍പിലെത്തു. 365 പടികള്‍ കയറി അവിടെയെത്തുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്.

ബ്രഹ്മകുമാരിസ് സ്പിരിച്ച്വല്‍ യൂണിവേഴ്‌സിറ്റി വേറിട്ട മറ്റൊരു അനുഭവ മുഹൂര്‍ത്തമാണ് സമ്മാനിക്കുക. .ലോക പ്രശസ്തമായ ബ്രഹ്മകുമാരിസ് വേള്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണിത്. ഗ്യാന്‍ സരോവര്‍ എന്ന പേരില്‍ ഒരു മനോഹരമായ കാമ്പസ്സില്‍ അതിലും മനോഹരമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഒരു വിശ്വവിദ്യാലയം . ഏകദേശം 132 രാജ്യങ്ങളിലായി 8500 ശാഖകളും അനവധി പ്രവര്‍ത്തകരുമുള്ള ഈ സ്ഥാപനവും അവരുടെ ആദര്‍ശങ്ങളും തത്വങ്ങളുമൊക്കെ അധികം പേര്‍ക്കും കൗതുകമുള്ള പുതിയ അറിവായിരിക്കും.

രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ദില്‍ വാരാ ജൈന ക്ഷേത്രം സന്ദര്‍ശകരെ പൊതുവിലും ജൈനമത വിശ്വാസികളെ വിശേഷിച്ചും ആകര്‍ഷിക്കുന്നതാണ്. .മൗണ്ട് അബുവില്‍ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരെ ഒരു ചെറിയ ഗ്രാമത്തിലാണ് ദില്‍ വാരാ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. കര്‍ശനമായ പരിശോധന കഴിഞ്ഞോ പ്രവേശനം അനുവദിക്കൂ. മൊബൈലോ ക്യാമറയോ അകത്തേക്ക് കൊണ്ടു പോവാനാവില്ല.

ക്ഷേത്രത്തിനകത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത വിസ്മയം അവിസ്മരണീയമാണ്. പതിനൊന്നിനും പതിമൂന്നിനുമിടയിലുള്ള നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ട വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ അഞ്ച് ക്ഷേത്രങ്ങളാണിവിടെയുള്ളത്. വിമല്‍ വസാഹി ക്ഷേത്രം, ലുണ വസാഹി ക്ഷേത്രം,പീതല്‍ഹാര്‍ ക്ഷേത്രം,ഖര്‍താര്‍ വസാഹി ക്ഷേത്രം, ശ്രീ മഹാവീര്‍ സ്വാമി ക്ഷേത്രം എന്നിങ്ങനെ അഞ്ചു ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്.മച്ചിലും തൂണിലും മനോഹരമായ ശില്പ്പവേലകള്‍.സുഖകരമായ തണുപ്പാണുള്ളില്‍. കൊത്തുപണികളാല്‍ അലംകൃതമായ ഈ ക്ഷേതങ്ങള്‍ എത്ര കണ്ടാലും മതി വരില്ല.രാജസ്ഥാനില്‍ പോകുന്ന ഒരു സഞ്ചാരിയും ഒരിക്കലും ഈ ക്ഷേത്രങ്ങള്‍ കാണാതെ തിരിച്ചു പോകരുത്.

ഗുരു ശിഖര്‍രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ഗുരു ശിഖര്‍. സമുദ്രനിരപ്പില്‍ നിന്ന് 5,676 അടി ഉയരത്തിലാണ് ഗുരു ശിഖര്‍ സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ ദത്താത്രേയ മുനിയുടെ ഒരു ക്ഷേത്രം മലമുകളിലാണ്. പാറകെട്ടുകള്‍ക്കിടയിലൂടെ മുകളിലേക്ക് കയറി പോവുന്ന പടികള്‍ കാണുമ്പോള്‍ പലരും പിന്തിരിയും. വിശേഷിച്ചും നട്ടുച്ച വെയിലില്‍ നൂറ്റി അമ്പതോളം പടികള്‍ കയറുക എന്നത് ആയാസകരം തന്നെയാണ്.. ഇവിടെയുള്ള ഒരു ഗുഹയ്ക്കുള്ളില്‍ മുനിയുടെ പാദസ്പര്‍ശം ഉണ്ടായത് കൊണ്ടാണത്രേ ഇവിടം ഗുരു ശിഖര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

അരികിലായി ഒരു ചെറിയ അമ്പലം കാണാം..അമ്പലത്തിനു ചാരി ഷീറ്റ് വലിച്ചു കെട്ടിയ പന്തലിനടിയില്‍ ചെറിയൊരു കടയുണ്ട. ക്ഷേത്രത്തിലേക്കെത്തണമെങ്കില്‍ വീണ്ടും കയറണം .ദൂരേ നക്കി തടാകവും ആരവല്ലി മലകള്‍ക്കിടയിലൂടെ പാമ്പിനെ പോലെ പുളഞ്ഞു കിടക്കുന്ന വഴിയുമൊക്കെ രസകരമായ കാഴ്ചയാണ്. മലകയറി സാമാന്യം വലിയൊരു മണി തൂക്കിയിട്ട വിശാലമായ ഒരു ക്ഷേത്ര മുറ്റത്താണ് എത്ത. 1411 ല്‍ പണികഴിപ്പിച്ച ഈ മണി അടിച്ചാല്‍ അതിന്റെ ശബ്ദം കിലോ മീറ്ററുകള്‍ അകലെ വരെ മുഴങ്ങി കേള്‍ക്കും എന്നാണവിടെയുള്ളവര്‍ പറഞ്ഞത്.

കൈവരികള്‍ കെട്ടിയ മുറ്റത്ത് നിന്ന് താഴോട്ടു നോക്കിയാല്‍ കാണുന്ന കാഴ്ച്ച അതി മനോഹരമാണ്.വീശിയടിക്കുന്ന തണുത്ത കാറ്റ്.മനോഹരമായ പ്രകൃതി.സൂര്യാസ്തമയം വരെ അവിടെ നില്‍ ക്കാന്‍ തോന്നും. ഏറെ റൊമാന്റിക്കാകുന്ന ഒരു സ്ഥലമാണിതെന്ന് തോന്നുന്നു. പരിസരവും പ്രകൃതിയും മനസിനെ കുളിരണിയിക്കുമ്പോള്‍ ആരും റൊമാന്റിക്കാകും.

നക്കി ലേക്കിന്റെ തെക്ക് പടിഞ്ഞാറ് ദിക്കിലാണ് സണ്‍സെറ്റ് പോയിന്റ് സ്ഥിതി ചെയ്യുന്നത്. സൂര്യസ്തമനത്തിന്റെ സമയത്ത് നൂറു കണക്കിനാളുകളാണ് ഇവിടെ തടിച്ചു കൂടുന്നത്. അത് കൊണ്ട് തന്നെ വളരെയധികം ഭോജനശാലകളും സുവനീര്‍ ഷോപ്പുകളും ഇവിടെയുണ്ട്. എല്ലാം കൂടി ഒരു ഉല്‍സവ പ്രതീതി.മലമുകളില്‍ നിന്നും സൂര്യാസ്തമയം വീക്ഷിക്കുന്നത് നല്ല രസമാണ്. ഈ മനോഹര ദൃശ്യം ആസ്വദിക്കുവാന്‍ വൈകുന്നേരമാകുന്നതോടെ ജനങ്ങള്‍ സണ്‍സെറ്റ് പോയിന്റില്‍ ഒരുമിച്ചു കൂടും. അവിടുന്ന് അല്‍പം നടന്നാല്‍ അന്ദര പോയന്റ് ഏഥവാ ഹണിമൂണ്‍ പോയന്റാണ്്. പ്രകൃതി തന്നെ പണിത ഒരു സ്ത്രീയുടെയും പുരുഷന്റെയും ആകൃതിയിലുള്ള പാറകളാണ് ഇവിടുത്തെ ആകര്‍ഷണം. ഉയരത്തില്‍ നിന്ന് താഴേക്കുള്ളകാഴ്ച മനോഹരമാണ്. ഇവിടെയ്ക്ക് വരുന്ന സഞ്ചാരികളില്‍ കൂടുതലും മധുവിധു ആഘോഷിക്കാന്‍ വരുന്നവരാണ്. അതുകൊണ്ടാണേ്രത ഈ സ്ഥലം ഹണിമൂണ്‍ പോയന്റ് എന്ന് അറിയപ്പെടുന്നത്.

ഗോമുഖ് ക്ഷേത്രം. സിറ്റിയില്‍ നിന്ന് ഏതാണ്ട് 6 കി മി ദൂരെയായി 700 ല്‍ പ്പരം പടികളിലൂടെ താഴേക്കിറങ്ങി വേണം അവിടെയെത്തി ചേരാന്‍. പടികളിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈയിലുള്ള മൊബൈലില്‍ രാജസ്ഥാന്‍ ടെലികോം നെറ്റ് വര്‍ക്ക് ആയിരുന്നു കാണിച്ചിരുന്നത് എന്നാല്‍ താഴെ എത്തിയപ്പോള്‍ ഗുജറാത്ത് ടെലികോം നെറ്റ്‌വര്‍ക്ക് കിട്ടിത്തുടങ്ങി. വെള്ള മാര്‍ബിളില്‍ ഉണ്ടാക്കിയ ഒരു ഗോമുഖതിലൂടെ ഒരു ചെറിയ നീരുറവ ഒഴുകി വരുന്നത് ഇവിടെ കാണാം. ഭൂമിയ്ക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദിയത്രെ ഇത്. പൌരാണിക കാലത്തെ രണ്ടു മഹാഋഷിമാരില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമം ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതി നദി ഇവിടെ പ്രത്യക്ഷ പ്പെട്ടതിന്റെ പിന്നില്‍ ഒരു കഥ കൂടിയുണ്ട്. വിശ്വാമിത്ര മഹര്‍ഷിയും വസിഷ്ഠ മഹര്‍ഷിയും തമ്മില്‍ അതിഭൌധികതയെ പറ്റി നടന്ന വാഗ്വാദത്തില്‍ സരസ്വതി വസിഷ്ഠ മുനിയുടെ പക്ഷം ചേര്‍ന്ന് പോലും.ഇത് കണ്ട വിശ്വാമിത്രന്‍ സരസ്വതി കളങ്കിതയായി തീരട്ടെയെന്ന് ശപിച്ചു. പിന്നീടു ഇതറിഞ്ഞ വസിഷ്ഠമഹര്‍ഷി സരസ്വതിയോട് തന്റെ ആശ്രമത്തിനടുത്തു കൂടി ഒഴുകിയാല്‍ ശാപമോക്ഷം കിട്ടുമെന്ന് ഒരു വരം കൊടുത്തു. അങ്ങിനെയാണ് സരസ്വതി ആശ്രമത്തിനടുത്തു കൂടി ഒഴുകാന്‍ തുടങ്ങിയതത്രെ. പിന്നീടു വിശ്വാസിയായ ഒരു രാജാവാണ് ഗോമുഖത്തിന്റെ ആകൃതിയില്‍ ഒരു കുഴല്‍ അവിടെ സ്ഥാപിച്ചത്.

അര്‍ബുധാഞ്ചല്‍ എന്ന പൌരാണിക നാമധേയത്തിനു പിന്നിലും വസിഷ്ഠ അശ്രമത്തിനോടനുബന്ധിച്ച ഒരു കഥയുണ്ട്. പൌരാണിക കാലത്ത് ഇവിടം മഹാമുനിമാരുടെ വിഹാര കേന്ദ്രമായിരുന്നു. വസിഷ്ഠ മുനി ഭൂമിയെ അസുരന്മാരില്‍ നിന്ന് രക്ഷിയ്ക്കുന്നതിനായി മഹായാഗം നടത്തി നാല് അഗ്‌നി കുലങ്ങളെ സൃഷ്ടിച്ചത് ഇവിടെ വെച്ചായിരുന്നുവെത്രേ. . വസിഷ്ഠ മുനിയുടെ ആശ്രമത്തിലെ ഗോമതാവ് നന്ദിനി ഒരിയ്ക്കല്‍ മേയുന്നതിനിടയില്‍ ഒരു അഗാധ ഗര്‍ത്തത്തില്‍ വീഴുകയും സ്വയം രക്ഷപെടാന്‍ പറ്റാതാവുകയും ചെയ്തു. ഇതറിഞ്ഞ വസിഷ്ഠ മുനി പരമ ശിവനോട് സഹായം അഭ്യര്‍ഥിച്ചു. പരമശിവന്‍ ഉടനെ തന്നെ സരസ്വതി നദിയെ ദൌത്യം ഏല്‍പ്പിക്കുകയും സരസ്വതി ഗര്‍ത്തത്തിലേയ്ക്ക് ഒഴുകുകയും ചെയ്തു.അങ്ങിനെ നന്ദിനി തനിയെ മുകളിലേയ്ക്ക് പൊങ്ങി വന്നു.ഈ സംഭവത്തിനു ശേഷം ആ അഗാധ ഗര്‍ത്തം അടയ്ക്കുന്നതിനായി ഹിമവാന്റെ പുത്രനെ ഏല്‍പ്പിച്ചു. ഹിമവാന്റെ പുത്രന്‍ അര്‍ഭുധ എന്ന ഒരു സര്‍പ്പത്തിന്റെ സഹായത്തോടെ ആ കൃത്യം നിര്‍വഹിച്ചു. പിന്നീടു സര്‍പ്പത്തിന്റെ ആവശ്യ പ്രകാരം ആ സ്ഥലം അര്‍ഭുധാഞ്ചല്‍ എന്നറിയപ്പെട്ടു. ദേവനാഗരിയിലുള്ള പേര് നാവിനു വഴങ്ങാത്ത ബ്രിട്ടീഷ്‌കാരാണ് പിന്നീട് മൌണ്ട് അബു എന്ന പേര് പ്രചരിപ്പിച്ചത് എന്ന ചില സഞ്ചാരക്കുറിപ്പുകളില്‍ വായിച്ചതോര്‍ക്കുന്നു.

മൌണ്ട് അബുവില്‍ ട്രെക്കിംഗിന് സൗകര്യമുണ്ട്. പല ദൂരത്തില്‍ പല തരത്തിലുമുള്ള വന വകുപ്പിന്റെ അന്ഗീകാരമുള്ള ഏതാണ്ട് 16 ഓളം ട്രെക്കിംഗ് സൗകര്യം ഇവിടെ ഉണ്ട്. കുറെ കയറ്റവും പിന്നെ കുറെ ഇറക്കവും എല്ലാം കൂടി കലര്‍ന്ന ഒരു പാതയിലൂടെയുള്ള ട്രക്കിംഗ് അവാച്യമായ അനുഭൂതിയാണ് സമ്മാനിക്കുക.

അച്ഛല്‍ ഗഡ്. സിറ്റിയില്‍ നിന്ന് ഏതാണ്ട് 8 കി മി ദൂരെയായി സ്ഥിതി ചെയ്യുന്നു. മേവാടിന്റെ രാജാവായ റാണകുംഭ പതിനാലാം ശതകത്തില്‍ പണികഴിപ്പിച്ച ഒരു കോട്ടയും കുറെ ജൈന ക്ഷേത്രങ്ങളും പിന്നെ അച്ഛലേസ്വര്‍ മഹാദേവഷേത്രവും ആണ് ഇവിടെയുള്ളത്. മഹാദേവ ക്ഷേത്രത്തില്‍ പഞ്ചലോഹത്തില്‍ പണികഴിപ്പിച്ച ഒരു വലിയ നന്ദി പ്രതിമയും ഉണ്ട്.

രാജസ്ഥാനിലെ പല നാട്ടു രാജാക്കന്മാരുടെയും ഗ്രീഷ്മ കാല വസതികളും സര്‍വേ ഓഫ് ഇന്ത്യയുടെ ഒരു പ്രൌഡ ഗംഭീരമായ ഓഫീസും കേന്ദ്രീയ പോലീസിന്റെ ആന്തരിക സുരക്ഷ പരിശീലനകേന്ദ്രവും എല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ജീവിതത്തിന്റെ ദൈനംദിന തിരക്കുകളില്‍ നിന്നും മാറി കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കുവാന്‍ ഏറെ അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രമാണ് മൗണ്ട് അബു എന്ന് പറയാം.

(തുടരും)

Dr Amanulla Vadakkangara